ന്യൂഡൽഹി: കേരളത്തിലും കർണാടകത്തിലും ഐസിസ് ഭീകരരുടെ വലിയൊരു സംഘം സജീവമാണെന്ന് ഐക്യരാഷ്‌ട്രസഭയുടെ റിപ്പോർട്ട് മുന്നറിയിപ്പ് നൽകി.
ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ളാദേശ്, മ്യാൻമാർ എന്നിവിടങ്ങളിൽ നിന്നുള്ള150 മുതൽ 200 വരെ അൽ ക്വ ഇദ ഭീകരർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉണ്ട്. ഇവരെ ഉപയോഗിച്ച് ഈ മേഖലയിൽ ഭീകരാക്രമണത്തിന് ഐസിസ് പദ്ധതിയിടുന്നതായും റിപ്പോർട്ടിലുണ്ട്.
ഐസിസ്, അൽ ക്വ ഇദ തുടങ്ങിയ ഭീകര ഗ്രൂപ്പുകളെേ നിരീക്ഷിക്കുന്നയു. എൻ അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ഷൻസ് മോണിറ്ററിംഗ് ടീമിന്റെ 26-ാം റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ.
അഫ്‌ഗാനിസ്ഥാനിലെ നിംറുസ്, ഹെൽമണ്ട്, കാണ്ടഹാർ പ്രവിശ്യകളിലെ താലിബാൻ സെല്ലുകളാണ് ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. ഇന്ത്യൻ അൽ ക്വ ഇദയുടെ ഇപ്പോഴത്തെ നേതാവ് ഒസാമാ മെഹമ്മൂദ് ആണ്. സുരക്ഷാ ഏജൻസികൾ വധിച്ച മുൻ തലവൻ ആസിം ഉമറിന്റെ പിൻഗാമിയായാണ് ഇയാൾ. ഉമറിന്റെ വധത്തിന് പ്രതികാരമായാണ് ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നത്. ഇന്ത്യൻ ശാഖയായ ഹിന്ദ് വിലായ വഴിയാണ് ഐസിസിന്റെ ഓപ്പറേഷൻ. ഇതിൽ ഇരുനൂറോളം ഭീകരരുണ്ട്. ഇവർക്ക് കേരളത്തിലും കർണാടകയിലും വേരുകളുണ്ടെന്നും യു. എൻ റിപ്പോർട്ടിൽ പറയുന്നു.
വിലായ ഒഫ് ഹിന്ദ്
കാശ്മീരിൽ വിലായ ഒഫ് ഹിന്ദ് എന്ന 'പ്രവിശ്യ' സ്ഥാപിച്ചതായും ഐസിസിന്റെ ഇന്ത്യയിലെ ശാഖയാണ് വിലായ ഹിന്ദ് എന്നും കഴിഞ്ഞ വർഷം മേയിൽ ഐസിസ് പ്രഖ്യാപിച്ചിരുന്നു.വിലയാ ഒഫ് ഹിന്ദിന്റെ മറവിലാണ് ഇപ്പോൾ രാജ്യത്ത് ഐസിസിന്റെ പ്രവർത്തനം. മലയാളികളെ റിക്രൂട്ട് ചെയ്യുന്നതും രാജ്യം കടത്തുന്നതും ഇതിന്റെ പേരിലാണ്. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ആശയപ്രചാരണം നടത്തി യുവാക്കളെ റിക്രൂട്ട് ചെയ്യുകയാണ് രീതി. എക്‌സ്‌പോസ് കേരള, ഗോൾഡ് ദീനാർ, മെസേജ് കേരള എന്നിങ്ങനെ നിരവധി സോഷ്യൽ മീഡിയ ഗ്രൂപ്പുകളുണ്ട്. ഇവയുടെ പ്രവർത്തനം ദേശീയഅന്വേഷണ ഏജൻസിയുടെ സൈബർ ഫോറൻസിക് വിഭാഗം അന്വേഷിക്കുന്നുണ്ട്. കേരളത്തിൽ തീവ്രവാദ കേസുകളിൽ അറസ്റ്റിലായവർക്ക് 'വിലയാ ഒഫ് ഹിന്ദ്' സാമ്പത്തിക, നിയമ സഹായം ലഭ്യമാക്കുന്നുണ്ട്. യെമനിലെ ഭീകരഗ്രൂപ്പായ അൻസാറുള്ളയുമായും 'വിലയാ ഒഫ് ഹിന്ദ്' ബന്ധപ്പെടുന്നതായി എൻ.ഐ. എയ്‌ക്ക് വിവരം ലഭിച്ചിട്ടുണ്ട്. 32 വർഷമായി യു.എ.ഇയിൽ താമസിക്കുന്ന തമിഴ്നാട്ടുകാരൻ വിലായത്തിലെ പ്രധാനിയാണ്.
കേരള ബന്ധം
@കണ്ണൂരിൽ നിന്ന് അമ്പതോളം പേർ ഉൾപ്പെടെ കേരളത്തിലെ നിരവധി പേർ സംഘടനയിൽ ചേർന്നിട്ടുണ്ട്.
@ കാബൂളിൽ സിക്ക് ഗുരുദ്വാര ആക്രമിച്ചതിന് പിന്നിൽ തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് മുഹ്‌സിൻ.
@ആറ്റുകാൽ സ്വദേശി നിമിഷയെ അഫ്ഗാനിസ്ഥാനിലെത്തിച്ച് ഐസിസിൽ ചേർത്തത് ഭർത്താവ് ഈസ. ഇരുവരും മൂന്ന് വയസുള്ള മകൾക്കൊപ്പം അഫ്ഗാൻ സൈന്യത്തിന് കീഴടങ്ങിയെന്നാണ് വിവരം.
@ 2016ൽ ഐസിസിൽ ചേരാൻ അഫ്ഗാനിസ്ഥാനിൽ എത്തിയ 21 മലയാളികളിൽ പകുതിയോളം സഖ്യസേനയുടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. മരിച്ചവരുടെ മൂന്നു മിനിറ്റ് വീഡിയോ ഐസിസ് പ്രചരിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |