വടകര: കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരിയിൽ ഇന്നലെ നടന്ന ആന്റിജൻ പരിശോധനയിൽ 11 പേർക്ക് പോസിറ്റീവ്. നേരത്തെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ പ്രാഥമിക സമ്പർക്കത്തിൽ പെട്ടവരെയും ഓർക്കാട്ടേരിയിലെ കച്ചവടക്കാരെയുമടക്കം 394 പേരെയാണ് ഇന്നലെ കമ്മ്യൂണിറ്റി ഹാളിൽ ആന്റിജൻ പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതിൽ ആറു പേർ ഓർക്കാട്ടേരിയിലെ ബേക്കറിയിൽ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചയാളുടെ ബന്ധുകളക്കടക്കമുള്ളവരാണ്. ഒന്നര വയസുള്ള കുട്ടിയുമുണ്ട് കൂട്ടത്തിൽ. മറ്റു മൂന്നു പേരിൽ ഒരാൾ ബേക്കറിക്ക് സമീപത്തെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായ മേമുണ്ട സ്വദേശിയാണ്. ബേക്കറിയിൽ നിന്ന് സാധനം വാങ്ങിയ ചോറോട് സ്വദേശി, ബേക്കറിയിലെ രോഗിയുമായി സമ്പർക്കത്തിൽ പെട്ട അഴിയൂർ സ്വദേശി എന്നിവരാണ് മറ്റു രണ്ടു പേർ.
ബേക്കറിയുമായി സമ്പർക്കത്തിലായതിൽ ഏറാമല പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും ആളുകളുണ്ടായിരുന്നത് വലിയ ആശങ്ക പടർത്തിയിരുന്നു. ഒരളവുവരെ ഇന്നലത്തെ പരിശോധനയിൽ നീങ്ങിയെങ്കിലും ഇപ്പോൾ പോസിറ്റീവായവരുടെ സമ്പർക്കപ്പട്ടികയിലും നൂറു കണക്കിനാളുകളുണ്ട്. ഇപ്പോൾ പഞ്ചായത്ത് മുഴുവൻ കണ്ടെയ്ൻമെന്റ് സോണായതോടെ നിയന്ത്രണങ്ങൾ കർശനമാണ്. രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക വിപുലമാണെന്നത് തീരാത്ത ആശങ്ക ഉയർത്തുകയാണ്. ഇപ്പോൾ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയിലുള്ളവരെ വരും ദിവസങ്ങളിൽ പരിശോധനയ്ക്ക് വിധേയരാക്കാനുള്ള ഒരുക്കത്തിലാണ് ആരോഗ്യ പ്രവർത്തകർ. കല്ല്യാണം കൂടിയവരിൽ 5 പേർക്ക് രോഗബാധ കുറ്റ്യാടി: വേളത്ത് കഴിഞ്ഞ ദിവസം നടന്ന കല്യാണത്തിൽ പങ്കെടുത്തവരിൽ 5 പേർക്ക് കൊവിഡ് ടെസ്റ്റിൽ പോസിറ്റീവ്. നാല് പേർ കായക്കൊടി പഞ്ചായത്തിലുള്ളവരും ഒരാൾ വേളം ചോയിമഠം സ്വദേശിനിയുമാണ്. വേളം കൂളിക്കുന്നിലെ ഒരു കല്യാണത്തിൽ പങ്കെടുത്തവരാണിവർ. വെള്ളിയാഴ്ച കല്യാണത്തിൽ പങ്കെടുത്തവരിൽ 86 പേരുടെ ഫലം നെഗറ്റീവായിരുന്നു. ശനിയാഴ്ച രോഗം സ്ഥിരീകരിച്ച സ്ത്രീയുടെ സമ്പർക്കപ്പട്ടികയിൽ ആരൊക്കെയുണ്ടെന്ന് പരിശോധിച്ചു വരികയാണ്. ഇവർ ചികിത്സയ്ക്കായി പോയ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറെയും ക്ലിനിക്കിലുണ്ടായിരുന്നവരെയും ക്വാറന്റൈനിലാക്കും. വിവരമറിഞ്ഞതോടെ ചോയിമഠം, കൂളിക്കുന്ന് ഭാഗങ്ങളിൽ നിയന്ത്രണം കർശനമാക്കിയതായി വാർഡ് അംഗം കെ.കെ.മനോജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |