തിരുവനന്തപുരം :കൊവിഡ് കാലത്ത് രാജ്യത്ത് നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പെന്ന നിലയിൽ കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിന് കൊവിഡ് പ്രോട്ടോക്കോളിൻെറ അടിസ്ഥാനത്തിലായിരിക്കും പെരുമാറ്റച്ചട്ടവും മറ്റ് ക്രമീകരണങ്ങളും തയ്യാറാക്കുന്നത്. ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ തിരഞ്ഞെടുപ്പ് നടത്താനാണ് ശ്രമം.
ഏഴ് ജില്ലകളിൽ വീതം രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടത്തും. വോട്ടിംഗ് ഒരുമണിക്കൂർ നീട്ടും - രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് മണിവരെ. നേരത്തെ ഇത് അഞ്ചു മണി വരെയായിരുന്നു.
പ്രചാരണത്തിനും വോട്ടിംഗ് ദിവസവും കർശന നിയന്ത്രണങ്ങളുണ്ടാകും. പൊതുസമ്മേളനങ്ങൾക്ക് പകരം മാദ്ധ്യമങ്ങളിലൂടെയും സോഷ്യൽമീഡിയിലൂടെയും നടത്തുന്ന പ്രചാരണത്തിനാകും മുൻതൂക്കം. രണ്ടോ മൂന്നോ പേർ അടങ്ങുന്ന ചെറുസംഘങ്ങളായി വീടുകളിലെത്തി വോട്ട് ചോദിക്കാം.
മാസ്‌ക്, കൈയുറ, സാനിറ്റൈസർ
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന 1.5 ലക്ഷം ജീവനക്കാർക്കും മാസ്‌ക്കും കൈയുറകളും നൽകും.
സാമൂഹിക അകലം പാലിച്ചാകും ബൂത്തിലെ ക്രമീകരണങ്ങൾ. രാഷ്ട്രീയ പ്രതിനിധികളുടെ ഇരിപ്പിടങ്ങളും ഇങ്ങനെ ആയിരിക്കും.
എല്ലാ ബൂത്തിലും ഉദ്യോഗസ്ഥർക്ക് മുന്നിൽ സാനിറ്റൈസറുണ്ടാകും.
വോട്ട് ചെയ്യാൻ കയറുമ്പോഴും ഇറങ്ങുമ്പോഴും സാനിട്ടൈസർ നിർബന്ധമായി ഉപയോഗിക്കണം.
സാമൂഹിക അകലം പാലിച്ച് വരിനിൽക്കാനുള്ള സ്ഥലങ്ങൾ രേഖപ്പെടുത്തും.
75 കഴിഞ്ഞവർക്ക് പോസ്റ്റൽ / പ്രോക്സി
കൊവിഡ് ബാധിതർക്കും നിരീക്ഷണത്തിലുള്ളവർക്കും പോസ്റ്റൽ വോട്ട് അല്ലെങ്കിൽ പ്രോക്സി വോട്ട് (വീട്ടിലെ മറ്റൊരാൾക്ക് വോട്ടിടാം) ചെയ്യാൻ അനുമതി നൽകും. തിരഞ്ഞെടുപ്പ് കമ്മിഷൻെറ ശുപാർശ ലഭിക്കുന്ന മുറയ്ക്ക് പഞ്ചായത്ത് - മുനിസിപ്പാലിറ്റി ആക്ട് ഭേദഗതി ചെയ്യും. താത്കാലിക ക്രമീകരണമായതിനാൽ ഇതിനായി ഓർഡിനൻസ് മതിയാകും. 65വയസ് കഴിഞ്ഞവർക്ക് പോസ്റ്റൽ / പ്രോക്സി വോട്ട് അനുവദിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോൾ 75 കഴിഞ്ഞവർക്ക് ഈ സൗകര്യം അനുവദിക്കാനാണ് സാദ്ധ്യത. 65 കഴിഞ്ഞവർക്ക് വോട്ടുചെയ്യാൻ എത്താൻ ബുദ്ധിമുട്ടുണ്ടാകില്ലെന്ന വിലയിരുത്തലിലാണിത്. ആരോഗ്യവിദഗ്ദ്ധരുമായുള്ള ചർച്ച പുരോഗമിക്കുന്നു.
പുതുക്കിയ വോട്ടർ പട്ടിക ആഗസ്റ്റിൽ
തദ്ദേശ തിരഞ്ഞെടുപ്പിന്റെ പുതുക്കിയ വോട്ടർ പട്ടിക ആഗസ്റ്റ് രണ്ടാംവാരത്തിൽ പുറത്തിറക്കും. കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ മരിച്ചവരുടെയും സ്ഥലംമാറിപ്പോയവരുടെയും പേരുകൾ നീക്കാത്തതിൽ പരാതികൾ ഉയർന്നിരുന്നു. ഇവ നീക്കുന്ന നടപടികൾ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫിസർമാരായ തദ്ദേശസ്ഥാപന സെക്രട്ടറിമാർ നടത്തിവരികയാണ്.
'കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചാകും തിരഞ്ഞെടുപ്പ്. പുതിയ ക്രമീകരണങ്ങൾ സംബന്ധിച്ച് അന്തിമധാരണയായിട്ടില്ല.'
-വി.ഭാസ്കരൻ
സംസ്ഥാന ഇലക്‌ഷൻ കമ്മിഷണർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |