SignIn
Kerala Kaumudi Online
Saturday, 12 September 2026 7.05 AM IST

ട്രഷറി തട്ടിപ്പ്; ബിജുലാൽ പണം മാറ്റിയത് അഞ്ച് അക്കൗണ്ടുകളിലേക്ക്, ജീവനക്കാരുടെ മൊഴി ഇന്നെടുക്കും

bijulal

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂർ സബ്ട്രഷറിയിൽ നിന്ന് പണംതട്ടിയെടുത്ത കേസിൽ വകുപ്പുതല അന്വേഷണം ഊർജ്ജിതമാക്കി. സീനിയർ അക്കൗണ്ടന്റ് ബിജുലാലിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഇതിന് നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ സഹായം തേടും. തട്ടിയെടുത്ത പണം ബിജുലാൽ സ്വകാര്യ ബാങ്കുകളിലെ അഞ്ച് അക്കൗണ്ടുകളിലേക്ക് കൈമാറിയെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.

തട്ടിയെടുത്ത രണ്ടു കോടിയിൽ 61 ലക്ഷം രൂപ ബിജുലാൽ തന്റെ രണ്ട് ട്രഷറി അക്കൗണ്ടുകളിൽ നിന്ന് അഞ്ച് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് മാറ്റിയിരിക്കുന്നത്. ഭാര്യയുടെയും സഹോദരിയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയത്. ബാക്കി ഒരു കോടി മുപ്പതു ലക്ഷത്തിലേറെ രൂപ ബിജുലാലിന്റെ ട്രഷറി അക്കൗണ്ടുകളിൽ തന്നെ കണ്ടെത്തി. ഇതേസമയം പണം തട്ടിപ്പിൽ വഞ്ചിയൂർ പൊലീസ് എടുത്ത കേസിൽ ട്രഷറി ജീവനക്കാരുടെ മൊഴി ഇന്നെടുക്കും. മറ്റ് അക്കൗണ്ടുകളിലേക്കും പണം നിക്ഷേപിച്ചോ എന്നും പരിശോധിക്കും. ബിജുലാലിനും ഭാര്യ സിമിക്കും എതിരെ വഞ്ചനാകുറ്റത്തിനും രേഖകളിൽ തിരിമറി നടത്തിയതിനുമാണ് പൊലീസ് കേസ്. ഐ.ടി ആക്ട് പ്രകാരവും കേസെടുത്തു.

സബ്ട്രഷറി ഓഫീസറുടെ ലോഗിനും പാസ് വേഡും ഉപയോഗിച്ച് പണം തട്ടിയ സാഹചര്യത്തിലാണ് വിപുലമായ അന്വേഷണത്തിന് ട്രഷറി വകുപ്പ് തീരുമാനിച്ചത്. ബിജുലാൽ മുമ്പ് ജോലി ചെയ്ത ട്രഷറികളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും. ട്രഷറിയിലെ ഇൻഫർമേഷൻ സിസ്റ്റം മാനേജ്മെന്റ് സെല്ലിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ് വേഡ് റദ്ദാക്കിയിരുന്നെങ്കിൽ ബിജുലാലിന് പണം തട്ടാൻ അവസരം ലഭിക്കില്ലായിരുന്നു എന്നാണ് നിഗമനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, BIJULAL, VANCHIYOOR TREASURY EMPLOYEE, VANCHIYOOR TREASURY SCAM, THOMAS ISSAC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY