കൊവിഡ് പരിശോധന ഫലം നെഗറ്റീവായതോടെ കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം അമിതാബ് ബച്ചൻ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. തന്നെ ചികിത്സിച്ച നാനാവതി ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്ക് നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം സോഷ്യയൽ മീഡിയയിൽ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.
അമിതാബ് ബച്ചന്റെ പോസ്റ്റിന് തൊട്ടുപിന്നാലെ ഇതിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ഒരു യുവതി രംഗത്തെത്തിയിരുന്നു. അമിതാബ് ബച്ചൻ അശുപത്രിക്കായി പരസ്യം നൽകുകയാണെന്നും, അദ്ദേഹത്തോടുള്ള ആദരവ് നഷ്ടമായെന്നുമായിരുന്നു യുവതി കുറിപ്പിൽ പറഞ്ഞത്.
' എന്റെ പിതാവിന് കൊവിഡ് പോസിറ്റീവ് ആണെന്ന് പറഞ്ഞ് ബച്ചനെ ചികിത്സിച്ച അതേ നാനവതി ആശുപത്രിയിലുള്ളവർ പറ്റിച്ചു. അദ്ദേഹത്തിന് 80 വയസുണ്ട്. ഡോക്ടർമാരുടെ ശ്രദ്ധക്കുറവുമൂലം ഒരുപാട് അനുഭവിക്കേണ്ടിവന്നു. മനുഷ്യജീവന് യാതൊരു വിലയും കൽപ്പിക്കാത്ത ആശുപത്രിക്ക് വേണ്ടി ബച്ചൻ പരസ്യം നൽകുന്നു. അദ്ദേഹത്തോടുള്ള ആദരവ് നഷ്ടപ്പെട്ടു'-യുവതി കുറിച്ചു.
'ജാൻവി ജി... താങ്കളുടെ പിതാവിനുണ്ടായ മോശം അനുഭവത്തിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. കുട്ടിക്കാലം തൊട്ട് മോശമായ ആരോഗ്യാവസ്ഥയിലൂടെ കടന്നുപോയ വ്യക്തിയാണ് ഞാൻ. ആരോഗ്യ മേഖലയ്ക്ക് അതിന്റെതായ ചില നിയമങ്ങൾ ഉണ്ട്. ആ ആശുപത്രിയിൽ ഡോക്ടർമാരും നഴ്സുമാരും മാനേജ്‌മെന്റും രോഗികളുടെ പരിചരണത്തിൽ അതീവ ശ്രദ്ധ ചെലുത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്.
ലാബ് റിസൽറ്റുകളിൽ ചിലപ്പോൾ പിഴവ് ഉണ്ടായേക്കാം. ഏത് അസുഖമായാലും അത് കണ്ടെത്താൻ വേറെയും പരിശോധനകളും നിരീക്ഷണങ്ങളുമുണ്ട്. എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഡോക്ടർമാരോ ആശുപത്രിയോ പെരുമാറ്റച്ചട്ടം ലംഘിച്ച് വാണിജ്യപരമായി ലാഭം ഉണ്ടാക്കാൻ ചികിത്സ നടത്തുന്നത് ഞാൻ കണ്ടിട്ടില്ല. താങ്കളുടെ അഭിപ്രായത്തോട് വിയോജിക്കുന്നു.
ആ ആശുപത്രിക്കു വേണ്ടി ഞാൻ പരസ്യം നൽകിയിട്ടില്ല. അവിടെ നിന്ന് എനിക്ക് കിട്ടിയ പരിചരണത്തിന് നന്ദിയാണ് ഞാൻ പറഞ്ഞത്. മുമ്പും ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട്. ഇനിയും ആദരവോടെ അങ്ങനെ തന്നെ ചെയ്യും. നിങ്ങൾക്ക് ഒരുപക്ഷേ എന്നോടുള്ള ആദരവ് നഷ്ടപ്പെട്ടിട്ടുണ്ടാകാം. പക്ഷേ നമ്മുടൈ രാജ്യത്തെ ഡോക്ടർമാരോടും ആരോഗ്യപ്രവർത്തകരോടോ ഉള്ള അദരവ് എനിക്ക് ഒരിക്കലും നഷ്ടപ്പെടില്ല. അവസാനമായി ഒരു കാര്യം കൂടി, എന്റെ ആദരവും ഉത്തരവാദിത്തവും നിങ്ങൾ വിലയിരുത്തേണ്ട ആവശ്യമില്ല.' ബിഗ്ബി കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |