പത്തനംതിട്ട : സമൂഹത്തിലെ ഏതൊരു വെല്ലുവിളിയേയും ഏറ്റെടുക്കുന്ന സ്ഥാപനങ്ങളായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉയർന്നിരിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അയ്യായിരം ഗ്രാമീണ റോഡുകൾ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുദ്ധരിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ ഈട്ടിച്ചുവട് നസറേത്ത് പള്ളി ഓഡിറ്റോറിയത്തിൽ വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഉപയോഗിച്ച് സംസ്ഥാനത്ത് ആദ്യമായി തദ്ദേശ റോഡുകൾക്കായി ആവിഷ്‌കരിക്കുന്ന പ്രത്യേക പദ്ധതിയാണിത്. 2018ലെയും 2019ലെയും പ്രളയത്തിൽ തകർന്നതും തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്നതുമായ റോഡുകളുടെ നവീകരണമാണ് ലക്ഷ്യമിടുന്നത്. അയ്യായിരം പ്രവൃത്തിയിലൂടെ 11,000 കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡുകളാണ് പുനരുദ്ധരിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
1000 കോടി രൂപ മുതൽമുടക്കുള്ള റോഡ് നവീകരണ പ്രവൃത്തി സുതാര്യമായി പൂർത്തിയാക്കും. നിർമാണ പുരോഗതിയും ഗുണനിലവാരവും പരിശോധിക്കാൻ ജില്ലാതലത്തിൽ നിരീക്ഷണ സമിതികൾക്കു രൂപം നൽകും. തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും മേൽനോട്ടത്തിലാകും നിർമാണം.
പദ്ധതിയിലൂടെ പ്രാദേശികതലത്തിൽ ഒട്ടേറെപ്പേർക്ക് തൊഴിൽ ലഭിക്കും.പദ്ധതിപ്രവർത്തനങ്ങൾക്കൊപ്പം ക്ഷേമപ്രവർത്തനങ്ങളും ഏറ്റെടുത്ത് തദ്ദേശഭരണ സ്ഥാപനങ്ങൾ നേതൃപരമായ പങ്കാണ് വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതിസന്ധികൾക്കിടയിലും വികസന പദ്ധതികളും സാമൂഹ്യസുരക്ഷാ പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകുകയാണ്. ഈ കാഴ്ചപ്പാടോടുകൂടിയാണ് 20,000 കോടിയുടെ സാമ്പത്തിക പാക്കേജും കാർഷിക വികസനത്തിനുള്ള 3860 കോടിയുടെ സുഭിക്ഷകേരളം പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചത്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും സജീവ പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ടാണ് ഈ പദ്ധതികളെല്ലാം സർക്കാർ നടപ്പിലാക്കുന്നത്.
ഏതെങ്കിലും ചില കുബുദ്ധികൾ തയ്യാറാക്കുന്ന ഗൂഢപദ്ധതികളുടെ ഭാഗമായി നേരിട്ട് ബോധ്യമുള്ള കാര്യങ്ങളെ അട്ടിമറിക്കാൻ ആരു വിചാരിച്ചാലും കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |