കോട്ടയം: മൂന്നാർ ഇരവികുളം ദേശീയ ഉദ്യാനത്തിൽ ഒരു പാറയിൽ നിന്നും മറ്റൊരു പാറയിലേക്ക് ചാടിക്കളിക്കുന്ന വരയാടുകളെ കാണാൻ ഇക്കൊല്ലം ആർക്കും സാധിക്കുമെന്ന് തോന്നുന്നില്ല. വരയാടുകളുടെ പ്രജനനത്തിനായി കഴിഞ്ഞ ജനുവരിയിൽ അടച്ചിട്ട ഉദ്യാനം പിന്നീട് ഇതുവരെ തുറന്നിട്ടില്ല. മാർച്ച് 22ന് ഉദ്യാനം തുറക്കേണ്ടതായിരുന്നു. കൊവിഡ് ഭീഷണിയെ തുടർന്നാണ് ഉദ്യാനം തുറക്കാതിരിക്കുന്നത്. ഇതോടെ ടൂറിസ്റ്റുകളും എത്തിയില്ല. നഷ്ടമായത് കോടിക്കണക്കിന് രൂപയുടെ വരുമാനം. ഇനി എന്ന് തുറക്കാനാവും എന്നതിനെക്കുറിച്ചും വ്യക്തതയില്ല.
വരയാടുകളെ കൺകുളിർക്കെ കാണാനാണ് ടൂറിസ്റ്റുകൾ ഇവിടെ എത്തുക. ആളുകളുമായി അടുത്തിടപെടുന്ന വരയാടുകളുടെ അടുത്തെത്തി ഫോട്ടോ എടുക്കാനും ടൂറിസ്റ്റുകൾക്ക് ഹരമാണ്. ഇരവികുളത്തേക്ക് ഒരു വർഷം ശരാശരി ആറു ലക്ഷത്തോളം ടൂറിസ്റ്റുകളാണ് എത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ മഹാപ്രളയത്തെ തുടർന്ന് കേരളത്തിലാകമാനം ടൂറിസ്റ്റുകളുടെ എണ്ണം കുറഞ്ഞപ്പോൾ ചെറിയ തോതിൽ ഇവിടെയും ബാധിച്ചിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ സീസണിൽ ടൂറിസ്റ്റുകളുടെ വരവിൽ നല്ല വർദ്ധനയുണ്ടായി. വരയാടിൻ കുഞ്ഞുങ്ങളെക്കൊണ്ട് സമൃദ്ധമാണ് ഇരവികുളം ദേശീയ ഉദ്യാനം. ഇക്കൊല്ലം ജനിച്ചത് 111 കുഞ്ഞുങ്ങളാണ്.
എത്തുന്നതിൽ കൂടുതലും വിദേശികൾ
2017- 18ൽ ഇരവികുളത്ത് എത്തിയത് 5,97,292 ടൂറിസ്റ്റുകളാണ്. 2018ൽ എത്തിയത് 4,44,360 ടൂറിസ്റ്റുകളും. മഹാപ്രളയം വന്നതോടെയാണ് അക്കൊല്ലം ടൂറിസ്റ്റുകളുടെ വരവിന് കുറവുണ്ടായത്. ഇരവികുളത്തേക്കുള്ള ചെറിയപുഴ പാലം ഒലിച്ചുപോയതും ഇതിന് ഒരു കാരണമായി. കൂടാതെ മണ്ണിടിച്ചിലും മറ്റുമായി റോഡുകൾ നശിച്ചതും ടൂറിസ്റ്റുകളുടെ വരവിന് വിഘാതമായി. എന്നാൽ, കഴിഞ്ഞ സീസണിൽ ഇരവികുളം ഉണർന്നു. 5,13,665 ടൂറിസ്റ്റുകൾ എത്തിയെന്ന് മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ.ലക്ഷ്മി വ്യക്തമാക്കി.
ആളുകളുടെ ശബ്ദകോലാഹലങ്ങളിൽ പെടാതിരിക്കാനും സുഖപ്രസവത്തിനും നവജാത കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കുമായാണ് ജനുവരി മുതൽ രണ്ടു മാസക്കാലം ഉദ്യാനം അടച്ചിടുന്നത്. കഴിഞ്ഞപ്രാവശ്യം 111 കുഞ്ഞുങ്ങളാണ് ജനിച്ചത്. 223 ആടുകളാണ് ഉദ്യാനത്തിലുള്ളത്. ഇരവികുളത്ത് എത്തുന്നതിൽ അധികവും വിദേശ ടൂറിസ്റ്റുകളാണ്. വടക്കേ ഇന്ത്യൻ സന്ദർശകരും കൂടുതലായി എത്താറുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇരവികുളത്ത് എത്തുന്ന ടൂറിസ്റ്റുകളുടെ കണക്ക് നോക്കിയാൽ വളരെ കുറവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |