തിരുവല്ല: ഇന്നലെ രാവിലെ 7 മണിയോടെ ശക്തമായി വീശിയടിച്ച കാറ്റിൽ താലൂക്കിന്റെ പടിഞ്ഞാറൻ മേഖലയിൽ വ്യാപക നാശനഷ്ടം. നിരണം, കടപ്ര, കുറ്റപ്പുഴ വില്ലേജുകളിലെ 18 വീടുകൾക്കാണ് മരംവീണ് ഭാഗീകനാശം സംഭവിച്ചത്. ഇരുവെള്ളിപ്പറ പാണ്ടിശ്ശേരിൽ വർഗീസ് പി.സക്കറിയയുടെ വീടിന്റെ മേൽക്കൂര മരം വീണ് ഭാഗീകമായി തകർന്നു. പരുമല തിക്കപ്പുഴ ഗിൽഗാൽ വീട്ടിൽ ബൈജുവിന്റെ വീടിന് മുകളിലേക്ക് തേക്ക് മരംവീണ് മേൽക്കൂരയ്ക്ക് നാശം സംഭവിച്ചു. നിരണം കൊച്ചുകാട് ശാന്തമ്മ, നിരണം വടക്ക് കുഴുവേലിൽ പടിഞ്ഞാറേതിൽ നസറുദ്ദീൻ, കുഴുവേലിൽ കുഞ്ഞുമോൻ, കുഴുവേലിൽ സലീന ലത്തീഫ്, കടപ്ര മാന്നാർ കല്ലൂരേത്ത് ലക്ഷ്മി, കടപ്ര ചെറുകരയിൽ വർഗീസ് ജോർജ്ജ് എന്നിവരുടെയും നിരണം വില്ലേജിൽ അയ്യൻകോനാരിയിൽ തങ്കൻ, സിബി, മാടമുക്കത്ത് പ്രസാദ് ജോൺ, വല്യാറയിൽ സുധീരൻ, മണപ്പുറത്ത് ഷിബു മോളി, കരിയപള്ളിൽ അബ്രഹാം ജോർജ്ജ്, കുട്ടൻകേരിൽ ജെയിംസ് കെ.മാത്യു, മുണ്ടകത്തിൽ മാത്യു, ശോഭ സദനത്തിൽ ശോഭന എന്നിവരുടെയും വീടുകൾക്ക് മുകളിൽ മരങ്ങൾ വീണു ഭാഗീകനാശം സംഭവിച്ചു. കടപ്ര ചിറയിൽ വീട്ടിൽ സി.സി വർഗീസിന്റെ വീടിനോട് ചേർന്നുള്ള കാലിത്തൊഴുത്തിന് മുകളിൽ മരംവീണ് തൊഴുത്ത് പൂർണ്ണമായും തകർന്നു. അമ്പതോളം ഗ്രോ ബാഗുകളും നശിച്ചു.
തലയ്ക്ക് പരിക്കേറ്റു
തിരുവല്ല: വീടിന് മുകളിലേക്ക് ആഞ്ഞിലിമരം വീണതിനെ തുടർന്ന് ഗൃഹനാഥന്റെ തലയ്ക്ക് പരിക്കേറ്റു. നിരണം മുക്കുങ്കൽ വീട്ടിൽ ഷിബുവിനാണ് മേൽക്കൂരയിലെ ഓട് തലയിൽ വീണ് പരിക്കേറ്റത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈദ്യുതിയും ഗതാഗതവും തടസപ്പെട്ടു
തിരുവല്ല: കാവുംഭാഗം - തിട്ടപ്പള്ളി റോഡിലേക്ക് സമീപപുരയിടത്തിൽ നിന്നിരുന്ന മരം വീണു. പരുമല - പനയന്നാർ കാവ് ക്ഷേത്രം റോഡിലേക്ക് തേക്ക് മരം വീണ് വൈദ്യുത കമ്പികൾ പൊട്ടി. തിക്കപ്പുഴ - ഹെൽത്ത് സെന്റർ റോഡിലേക്ക് തേക്ക് മരം വീണ് വൈദ്യുത കമ്പികൾ പൊട്ടിവീണു. തിരുവല്ലയിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങൾ ചേർന്ന് മരങ്ങൾ മുറിച്ചു മാറ്റി. പല ഭാഗങ്ങളിലും വൈദ്യുത ബന്ധം തകരാറിലായിട്ടുണ്ട്. നിരവധി ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണ് വൈദ്യുത ലൈനുകൾക്കും പോസ്റ്റുകൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പലയിടത്തും ഗതാഗതം തടസപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |