പിയർ : യു.എസിൽ കൊവിഡ് നിരക്ക് ദിനംപ്രതി റോക്കറ്റ് വേഗത്തിലാണ് കുതിച്ചുയരുന്നത്. എന്നാൽ ഈ മഹാമാരിയ്ക്കിടെയിലും ലക്ഷക്കണക്കിന് പേരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള 10 ദിവസം നീണ്ടു നില്ക്കുന്ന വമ്പൻ മോട്ടോർ സൈക്കിൾ റാലി നടത്താനൊരുങ്ങുകയാണ് അമേരിക്കൻ സംസ്ഥാനമായ സൗത്ത് ഡക്കോട്ട. സൗത്ത് ഡക്കോട്ടയിലെ സ്‌റ്റർജിസ് നഗരത്തിൽ നടക്കുന്ന മോട്ടോർ സൈക്കിൾ റാലി വെള്ളിയാഴ്ചയാണ് തുടങ്ങുന്നത്. ഏകദേശം 250,000 ഓളം പേർ ഇവിടെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
7,000 ത്തോളം പേർ താമസിക്കുന്ന ചെറു നഗരമാണ് സ്‌റ്റർജിസ്. സ്‌റ്റർജിസ് മോട്ടോർ സൈക്കിൾ റാലിയുടെ 80ാം എഡിഷനാണ് ഇത്തവണ. കൊവിഡ് തുടക്കത്തിന് ശേഷം ഇതാദ്യമായാണ് യു.എസിൽ ഇത്രയും വലിയൊരു പരിപാടി നടക്കാൻ പോകുന്നത്. എല്ലാ വർഷത്തെയും പോലെ ജനങ്ങൾ ഇത്തവണയും റാലിയിൽ പങ്കെടുക്കാനും കാണാനുമൊക്കെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുമെന്നാണ് കരുതുന്നത്. എന്നാൽ കാണികളുടെ എണ്ണം പരമാവധി കുറയ്ക്കാനാണ് അധികൃതരുടെ ശ്രമം. ഇതിന്റെ ഭാഗമായി മോട്ടോർ സൈക്കിൾ റാലിയോടനുബന്ധിച്ചുള്ള അനുബന്ധ പരിപാടികൾ റദ്ദാക്കി. എല്ലാ വർഷത്തെയും പോലെ വമ്പൻ പരസ്യങ്ങൾ ഇത്തവണ നൽകിയിട്ടില്ല.
കഴിഞ്ഞ വർഷം സ്‌റ്റർജിസ് മോട്ടോർ സൈക്കിൾ റാലിയ്ക്ക് ലഭിച്ചത് 800 മില്യൺ ഡോളറാണെന്ന് ടൂറിസം ഡിപ്പാർട്ട്മെന്റ് പറയുന്നു. സ്‌റ്റർജിസ് എന്ന കൊച്ചു നഗരത്തിന്റെ പ്രധാന വരുമാന സ്രോതസാണെങ്കിലും ഈ മാസം മോട്ടോർ സൈക്കിൾ റാലി നടത്തുന്നതിന് ഇവിടുത്തെ 60 ശതമാനം ജനങ്ങളും എതിരാണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത്രയും വലിയ പരിപാടി സംഘടിപ്പിക്കുന്നത് ശുദ്ധ മണ്ടത്തരമാകുമെന്ന് നാട്ടുകാർ പറയുന്നു. നിലവിൽ 9,168 പേർക്കാണ് സൗത്ത് ഡക്കോട്ടയിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 137 പേർ മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |