അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ സ്വകാര്യ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ എട്ട് രോഗികൾക്ക് ദാരുണാന്ത്യം. ഇന്നലെ പുലർച്ചെ 2.30 ഓടെയാണ് തീപിടുത്തമുണ്ടായതെന്നാണ് വിവരം. അഹമ്മദാബാദ് നവരംഗ്പുരയിലെ കൊവിഡ് ചികിത്സാകേന്ദ്രമായ ശ്രേയ് ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്.
ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന രോഗികളാണ് മരിച്ചത്. ജനാലയില്ലാത്ത ഐസിയുവിൽ കനത്ത പുക ഉയർന്നതിനെത്തുടർന്ന് ശ്വാസംമുട്ടിയാണ് രോഗികൾ മരിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. മരിച്ചവരിൽ അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. അമ്പത് രോഗികളെ പ്രവേശിപ്പിക്കാൻ സൗകര്യമുള്ള ആശുപത്രിയിൽ അപകടസമയത്ത് 45 പേരാണുണ്ടായിരുന്നത്. ബാക്കിയുള്ള രോഗികളെ സമീപത്തുള്ള സർക്കാർ ആശുപത്രിയായ സർദാർ വല്ലഭായ് പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ചിലേക്ക് മാറ്റിയതായി ഔദ്യോഗിക വക്താവറിയിച്ചു.
സ്വന്തം സംസ്ഥാനത്തുണ്ടായ ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ അനുശോചനമറിയിച്ചു. തീപ്പിടിത്തത്തിൽ പൊള്ളലേറ്റവർക്ക് എത്രയും വേഗം സുഖം പ്രാപിക്കാൻ കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. മുഖ്യമന്ത്രി വിജയ് രൂപാനിയുമായും മേയർ ബിജാൽ പട്ടേലുമായി അപകടത്തെ കുറിച്ച് സംസാരിച്ചതായും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരന്തനിവാരണഫണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. മുഖ്യമന്ത്രി വിജയ് രൂപാനി അപകടത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |