പത്തനംതിട്ട: ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ 17 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോന്നി താലൂക്കിൽ അഞ്ച് ക്യാമ്പുകളിലായി 55 കുടുംബങ്ങളിലെ 153 പേരെയും, മല്ലപ്പള്ളി താലൂക്കിൽ മൂന്ന് ക്യാമ്പുകളിലായി ആറ് കുടുംബങ്ങളിലെ 23 പേരെയും, തിരുവല്ല താലൂക്കിലെ രണ്ടു ക്യാമ്പുകളിലായി ഏഴ് കുടുംബങ്ങളിലെ 20 പേരെയും മാറ്റിപ്പാർപ്പിച്ചു. റാന്നിയിൽ ഏഴ് ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. അടൂരിലും കോഴഞ്ചേരിയിലും നിലവിൽ ക്യാമ്പുകൾ തുറന്നിട്ടില്ല. പ്രധാനപ്പെട്ട മൂന്നു നദികളായ പമ്പ, മണിമല, അച്ചൻകോവിൽ എന്നിവയിലെ ജലനിരപ്പ് അപകട നിലയ്ക്കു മുകളിലാണ്. കല്ലേലി, കോന്നി എന്നിവിടങ്ങളിൽ അച്ചൻകോവിലാറ് കരകവിഞ്ഞൊഴുകി. റാന്നിയിൽ പമ്പയും കരകവിഞ്ഞിട്ടുണ്ട്.
@ 89 വീടുകൾക്ക് നാശം
അടൂർ താലൂക്കിൽ 27 വീടുകൾക്ക് ഭാഗിക നാശനഷ്ടമുണ്ട് ഒരു വീട് പൂർണമായും നശിച്ചു. തിരുവല്ല താലൂക്കിൽ 31 ഉം, മല്ലപ്പള്ളി താലൂക്കിൽ നാലും കോഴഞ്ചേരി താലൂക്കിൽ ഏഴും കോന്നി താലൂക്കിൽ 20 ഉം വീടുകൾ ഭാഗികമായി തകർന്നു.ആഗസ്റ്റ് നാലു മുതൽ മണിയാർ ബാരേജിന്റെ അഞ്ച് ഷട്ടറുകളും ആഗസ്റ്റ് ആറു മുതൽ മൂഴിയാർ ഡാമിന്റെ മൂന്നു ഷട്ടറുകളുമാണ് തുറന്നിട്ടുള്ളത്.
അപകട മേഖലകളിൽ താമസിക്കുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ജില്ലാ കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാണ്. ജില്ലാ തലത്തിലും, താലൂക്ക് തലത്തിലും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ഐ ആർ എസ് സംവിധാനത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |