ന്യൂഡൽഹി: തുടർച്ചയായ മൂന്നാംവട്ടവും നരേന്ദ്ര മോദി തന്നെ പ്രധാനമന്ത്രിയാകണമെന്നാണ് ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നതെന്ന് സർവേ ഫലം. ഇന്ത്യ ടുഡേയും കാർവി ഇൻസൈറ്റ്‌സും ചേർന്നു നടത്തിയ സർവേയിലാണ് ഈ അഭിപ്രായം ഉയർന്നുവന്നിരിക്കുന്നത്. സർവേയിൽ പങ്കെടുത്ത 66 ശതമാനം പേരും അടുത്ത പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നത് മോദിയെയാണ്. മോദിക്ക് ലഭിച്ച വോട്ടിംഗ് ശരാശരിയേക്കാൾ ബഹുദൂരം പിന്നിലാണ് രാഹുൽ ഗാന്ധിക്ക് ലഭിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. എട്ട് ശതമാനം മാത്രമാണ് രാഹുലിന് ലഭിച്ച പിന്തുണ. അഞ്ച് ശതമാനം പേർ സോണിയ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു.
കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മംമ്താ ബാനർജി, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ബി എസ് പി നേതാവ് മായാവതി, സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരുടെ പേരുകളും സർവേയിൽ ഉൾപ്പെടുത്തിയിരുന്നു.
'മൂഡ് ഒഫ് ദി നേഷൻ' എന്ന പേരിലാണ് സർവേ നടത്തിയത്. സാധാരണയായി ജനങ്ങളുമായി നേരിട്ട് സംവദിച്ചാണ് തങ്ങൾ റിപ്പോർട്ട് തയ്യാറാക്കുന്നതെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ ടെലിഫോൺ മുഖേനയായിരുന്നു ഇത്തവണത്തെ സർവേ. 12,021 പേരെ വോട്ടിംഗിൽ പങ്കെടുപ്പിച്ചു. കേരളമടക്കമുള്ള 19 സംസ്ഥാനങ്ങളിൽ നിന്നാണ് ഇത്രയും പേരെ തിരഞ്ഞെടുത്തതെന്ന് ഏജൻസി വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |