ശ്രീനഗർ: കാശ്മീരിൽ നാന്നൂറിലേറെ ഹിന്ദു യുവാക്കൾ സർക്കാർ ജോലി ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നു. നാന്നൂറിലേറെ വിദ്യാസമ്പന്നരായ പണ്ഡിറ്റ് യുവാക്കളാണ് സർക്കാർ ജോലിക്കായി വർഷങ്ങളായി ഇവിടെ കാത്തിരിക്കുന്നത്. ജമ്മു കാശ്മീരിൽ പുതിയ ലഫ്റ്റനന്റ് ഗവർണറായി മനോജ് സിൻഹയെ നിയമിച്ചതോടെ രാഷ്ട്രീയ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പണ്ഡിറ്റ് സമൂഹം.വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കാശ്മീരി പണ്ഡിറ്റുകളെ പ്രതിനിധീകരിക്കുന്ന കാശ്മീരി പണ്ഡിറ്റ് സംഘർഷ് സമിതി ആവശ്യപ്പെട്ടു. സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മരണം വരെ നിരാഹാരം കിടക്കുമെന്നും കാശ്മീരി പണ്ഡിറ്റ് സംഘർഷ് സമിതി അറിയിച്ചു.
2019ൽ ഹൈക്കോടതി അനുമതി നൽകിയെങ്കിലും അഞ്ഞൂറോളം പേർ ഇപ്പോഴും സർക്കാർ നിയമനങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് കെ.പി.എസ്.എസ് അദ്ധ്യക്ഷൻ സഞ്ജയ് ടിക്കു പറഞ്ഞു. "ഞങ്ങൾ വർഷങ്ങളായി അനീതി നേരിടുന്നു. അധികാരികൾ നടപടി സ്വീകരിക്കുന്നില്ല. നിലവിലെ ലോക്ക്ഡൗൺ സാഹചര്യം പണ്ഡിറ്റ് യുവാക്കളെ കൂടുതൽ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് നയിക്കുന്നു" സഞ്ജയ് പറഞ്ഞു. കാശ്മീരിലെ ന്യൂനപക്ഷമായ പണ്ഡിറ്റുകൾക്ക് സർക്കാർ യാതൊരു പാക്കേജുകളും നൽകിയിട്ടില്ലെന്നും ഇപ്പോൾ സർക്കാർ ജോലി നിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അഞ്ഞൂറോളം വിദ്യാസമ്പന്നരായ യുവാക്കൾക്ക് ജോലി നൽകണം. കാശ്മീർ താഴ്‌വരയിൽ അവശേഷിക്കുന്ന 808 കുടുംബങ്ങൾക്ക് പ്രതിമാസ ധനസഹായം കുറഞ്ഞത് 3,000 രൂപ നൽകണം. കാശ്മീരിലെ എല്ലാ ക്ഷേത്രങ്ങളും പുണ്യസ്ഥലങ്ങളും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പണ്ഡിറ്റ് യുവാക്കൾക്കുളളത്. കാശ്മീരിൽ വർഷങ്ങളായി പണ്ഡിറ്റുകളുടെ എണ്ണം കുറഞ്ഞുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |