പത്തനംതിട്ട: മഴ ശക്തമായതോടെ പമ്പ ഡാം തുറന്നു. ആറ് ഷട്ടറുകള്‍ രണ്ടടി വീതമാണ് ഉയര്‍ത്തുന്നത്. ഇപ്പോൾ നാല് ഷട്ടറുകൾ രണ്ട് അടിയാണ് ഉയർത്തിയത്. ബാക്കി രണ്ട് ഷട്ടറുകൾ കൂടി ഉടൻ ഉയർത്തും. അഞ്ചുമണിക്കൂറിനകം വെള്ളം റാന്നിയിലെത്തും. ഡാം തുറക്കുമ്പോള്‍ത്തന്നെ നാല്‍പ്പത് സെന്റിമീറ്ററാണ് പമ്പയില്‍ ജലനിരപ്പ് ഉയരുക. 983.5 മീറ്റര്‍ ജലമാണ് ഇപ്പോള്‍ പമ്പ അണക്കെട്ടിലുള്ളത്.
പമ്പാ നദിയിൽ 40 സെന്റി മീറ്റർ വെള്ളം ഉയരുമെന്നാണ് കണക്ക് കൂട്ടൽ. അഞ്ച് മണിക്കൂറിനകം വെള്ളം ജനവാസ മേഖലയായ റാന്നിയിൽ എത്തും. നിലവിൽ പമ്പാ നദി കരയോടു ചേർന്നാണ് ഒഴുകുന്നത്. ഇരുകരകളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി.
ജലനിരപ്പ് 984.5 മീറ്റര്‍ ആകുമ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ശേഷം ജലനിരപ്പ് 985 മീറ്ററിലെത്തുമ്പോഴാണ് ഡാം തുറക്കേണ്ടത്. എന്നാല്‍ 983.5 മീറ്റര്‍ ജലനിരപ്പ് എത്തിയപ്പോള്‍ തന്നെ തുറക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പത്തനംതിട്ട ജില്ല കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചിട്ടുണ്ട്.
ഇപ്പോള്‍ പെയ്യുന്ന മഴ ഇനിയും തുടരുകയാണെങ്കില്‍ രാത്രി ജലനിരപ്പ് ഉയരാന്‍ സാദ്ധ്യതയുണ്ട്. അങ്ങനെയെങ്കില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ശേഷം അര്‍ദ്ധരാത്രിയോടെയാകും ഡാം തുറക്കേണ്ടി വരിക. റിസര്‍വോയറിന്റെ മുഴുവന്‍ സംഭരണശേഷിയിലേക്ക് എത്തിയാല്‍ ഡാം തുറന്നേ മതിയാകൂ എന്ന സ്ഥിതിയുണ്ടാകും. അത്തരം ഒരു സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കാതെ തന്നെ ഡാം തുറക്കാന്‍ തീരുമാനിച്ചതെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |