വിജയവാഡ: ആന്ധ്രപ്രദേശ് കൃഷ്ണജില്ലയിലെ വിജയവാഡയിൽ ഒരു സ്വകാര്യ ആശുപത്രി കൊവിഡ് കെയർ സെന്റററായി ഉപയോഗിച്ചിരുന്ന ഹോട്ടലിന് തീപിടിച്ച് 11 പേർ മരിച്ചു. 30 പേരെ രക്ഷപ്പെടുത്തി. 20 ഓളം പേർക്ക് പൊള്ളലേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്. പുകയിൽ ശ്വാസം മുട്ടിയാണ് മരണമെന്നാണ് റിപ്പോർട്ട്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു. ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് അപകടമുണ്ടായത്. വിജയവാഡ എലുരു റോഡിലെ സ്വർണ പാലസ് ഹോട്ടലാണ് രമേശ് ആശുപത്രി വാടകയ്ക്ക് എടുത്ത് താത്ക്കാലിക കൊവിഡ് കേന്ദ്രമാക്കിയത്. നേരിയ കൊവിഡ് ലക്ഷണങ്ങളുള്ള 50 ഓളം പേരാണ് ചികിത്സയിലുണ്ടായിരുന്നത്. പത്ത് ആശുപത്രി ജീവനക്കാരും ഉണ്ടായിരുന്നു. ഷോർട്ട് സർക്യൂട്ട് മൂലം താഴത്തെ നിലയിൽ തീപിടിക്കുകയും നിമിഷങ്ങൾക്കകം മുകൾ നിലയിലേക്ക് വ്യാപിക്കുകയുമായിരുന്നു. കെട്ടിടത്തിന്റെ ജനാലയ്ക്കലെത്തി നിരവധി രോഗികൾ സഹായത്തിനായി നിലവിളിച്ചു. കൊവിഡ് രോഗികൾക്ക് ശ്വാസതടസം ഉള്ളതിനാൽ കനത്ത പുകയെ അതിജീവിക്കാനായില്ലെന്നും അതിനാലാണ് മരണസംഖ്യ ഉയർന്നതെന്നുമാണ് വിവരം. തീ നിയന്ത്രിച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദുഃഖം രേഖപ്പെടുത്തി. അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി മരിച്ചവരുടെ കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |