തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് നാല് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. അതേസമയം കേരളത്തിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് തുടരുമെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു.
വലിയ അണക്കെട്ടുകളായ ഇടമലയാർ, ഇടുക്കി ഡാമുകളിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ചെറിയ അണക്കെട്ടുകൾ നിറയുന്ന സാഹചര്യത്തിൽ വെള്ളം ഒഴുക്കിവിടുന്നത് തുടരും. കോഴിക്കോട്, പാലക്കാട്, വയനാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം , തൃശൂർ എന്നി ജില്ലകൾ വെള്ളപ്പൊക്ക ബാധിതമാണെന്നും പെരിയാർ അടക്കമുള്ള നദികളുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം തുടരുമെന്നും കമ്മീഷൻ അറിയിച്ചു.
കേരള തീരത്ത് കാറ്റിന്‍റെ വേഗം 50 കി.മി. വരെയാകാനും തിരമാലകള്‍ നാല് മീറ്റര്‍ വരെ ഉയരാനും സാദ്ധ്യതയുണ്ട്. ഇതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 720 ആയി. 8752 കുടുംബങ്ങളിലെ 25057 പേർ ക്യാമ്പുകളിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |