ബംഗളൂരു: ബി.എസ്.എൻ.എൽ ജീവനക്കാരെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ച് മുൻ കേന്ദ്രമന്ത്രിയും ഭാരതീയ ജനതാ പാർട്ടി എം.പിയുമായ ഉത്തര കന്നഡയിൽ നിന്നുള്ള അനന്ത്കുമാർ ഹെഗ്ഡെ .തിങ്കളാഴ്ച തന്റെ പാർലമെന്റ് മണ്ഡലത്തിൽ നടന്ന പരിപാടിയ്ക്കിടെയായിരുന്നു എം.പിയുടെ വിവാദ പരാമർശം. ബി.എസ്.എൻ.എല്ലിന്റെ 85,000ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എം.പിയുടെ പരിപാടിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 'സർക്കാർ ഉടമസ്ഥതിയിലുള്ള സ്ഥാപനത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ തയ്യാറാകാത്ത രാജ്യദ്രോഹികളാണ് അവർ. അതിനുള്ള ഏക പരിഹാരം സ്വകാര്യവൽക്കരണമാണ്, അത് നമ്മുടെ സർക്കാർ ചെയ്യും. ഏകദേശം 85,000 പേരെ പുറത്താക്കും, പിന്നീട് കൂടുതൽ പേരെ പുറത്താക്കേണ്ടതുണ്ട്, 'അദ്ദേഹം വീഡിയോയിൽ പറയുന്നു.
ആവശ്യമായ പണവും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം സര്‍ക്കാര്‍ നല്‍കിയിട്ടും, ജീവനക്കാര്‍ ജോലി ചെയ്യാന്‍ തയ്യാറാകാത്തതാണ് പ്രതിസന്ധികള്‍ക്ക് കാരണമെന്നും അദ്ദേഹം ആരോപിക്കുന്നു. എം.പിയ്ക്കെതിരെ പ്രതിപക്ഷം വിമർശനവുമായെത്തിയിട്ടുണ്ട്.എല്ലാം സ്വകാര്യവത്കരിക്കാൻ കേന്ദ്രം തയ്യാറാണെന്നും, ഇത് ഭരിക്കാനുള്ള കഴിവില്ലായ്മയെ സൂചിപ്പിക്കുന്നുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ഇതിന് മുമ്പും അനന്ത്കുമാര്‍ ഹെഗ്‌ഡെ വിവാദ പ്രസ്താവനകളിലൂടെ വാർത്തകളിൽ ഇടം നേടിയിരുന്നു. മഹാത്മ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യ സമരം ഒരു നാടകമാണെന്നായിരുന്നു നേരത്തെയുള്ള പ്രസ്താവന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |