ന്യൂഡൽഹി: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. പിണക്കങ്ങളെല്ലാം അവസാനിപ്പിച്ച് സച്ചിൻ കോൺഗ്രസ് ക്യാമ്പിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച. നാളെ നിയമസഭ സമ്മേളനം ചേരുന്നതിന് മുന്നോടിയായാണ് ഇരുവരും പരസ്‌പരം കാണുന്നത്. കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും നിയമസഭാകക്ഷി യോഗങ്ങൾ ഇന്ന് ജയ്‌പൂരിൽ നടക്കുന്നുണ്ട്.
പാർട്ടിയിലേക്ക് മടങ്ങിയെത്തിയ സച്ചിന് ഗെലോട്ട് ക്യാമ്പ് നൽകുന്നത് അത്ര നല്ല സ്വീകരണമല്ല. സച്ചിൻ തിരികെ എത്തിയ ദിവസം ഗെലോട്ട് ജയ്‍സാൽമീറിലേക്ക് പോയിരുന്നു. അവിടെയാണ് ഗെലോട്ട് ക്യാമ്പിലെ നൂറിലേറെ എം.എൽ.എമാരെ പാർപ്പിച്ചിരിക്കുന്ന റിസോർട്ട്. തിരികെ എത്തിയ സച്ചിനുമായുള്ള ഫോട്ടോ ഒഴിവാക്കാൻ തന്നെയാണ് ഗെലോട്ട് കൃത്യ ദിവസം സ്ഥലം വിട്ടതെന്നാണ് കോൺഗ്രസ് നേതാക്കൾക്കിടയിൽതന്നെയുള്ള സംസാരം.
ജനാധിപത്യത്തിന് വേണ്ടി എല്ലാം മറക്കുകയും പൊറുക്കകയും വേണമെന്നാണ് റിസോർട്ടിലെത്തിയ ഗെലോട്ട് എം.എൽ.എമാരോട് പറഞ്ഞത്. ഇങ്ങനെയൊരു സംഭവം നടന്നതും, ആ നാടകം ഒരു മാസം വരെ നീണ്ടുനിന്നതും ഒക്കെ ആലോചിച്ചാൽ എം.എൽ.എമാർക്ക് അസംതൃപ്തിയുണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷേ, അവരോട് രാജ്യത്തെയും സംസ്ഥാനത്തയും ജനങ്ങളെയും ജനാധിപത്യത്തെയുമൊക്കെ ഓർത്ത് ഇതെല്ലാം സഹിക്കാനാണ് താൻ പറഞ്ഞതെന്നായിരുന്നു എം.എൽ.എമാരെ കണ്ട ശേഷം ഗെലോട്ട് മാദ്ധ്യമങ്ങളോട് പറഞ്ഞത്.
യോഗത്തിന് ശേഷം ഗെലോട്ട് ക്യാമ്പിലേക്കുള്ള എം.എൽഎമാർ ജയ്‌പൂരിലെ റിസോർട്ടിലേക്ക് മാറി. നിയമസഭ നടപടികൾ പൂർത്തിയാകുന്നത് വരെ എം.എൽ.എമാർ റിസോർട്ടിൽ തന്നെയാകും കഴിയുക. നാളെ നിയമസഭാസമ്മേളനം തുടങ്ങുമ്പോൾ വിശ്വാസവോട്ടെടുപ്പുണ്ടാകുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതത വന്നിട്ടില്ല. ഗെലോട്ടിന് സ്വന്തം ഭൂരിപക്ഷം തെളിയിക്കണമെന്നുണ്ടെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം മടങ്ങിയെത്തുന്ന സച്ചിൻ പൈലറ്റ് ക്യാമ്പിലുള്ളവർക്ക് മന്ത്രിസഭാപുന:സംഘടനയിലുള്ള പ്രാതിനിധ്യം അനുസരിച്ചാകും സർക്കാരിന്റെ ഭാവി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |