
ധാക്ക: വിദ്യാർത്ഥി നേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയുടെ മരണത്തിന് ശേഷം ബംഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട അരാജകത്വവും അക്രമവും തുടരുകയാണ്. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ രാജ്യത്ത് വർദ്ധിക്കുകയാണ്. ഇതിനിടെ ബംഗ്ലാദേശ് നേരിടുന്ന മറ്റൊരു പ്രധാന വിഷയം ചർച്ചയാകുകയാണ്. കടുത്ത ക്ഷാമം കാരണം, അടുത്ത വർഷം കുറഞ്ഞത് ഒരു മാസമെങ്കിലും ബംഗ്ലാദേശിൽ ഗർഭനിരോധന മാർഗമായ കോണ്ടം വിതരണം നിലച്ചേക്കുമെന്ന് റിപ്പോർട്ടുകൾ.
രാജ്യത്ത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗർഭനിരോധന മാർഗങ്ങളുടെ വിതരണം ക്രമാനുഗതമായി കുറഞ്ഞിരിക്കുകയണ്. ജീവനക്കാരുടെ ക്ഷാമവും ഫണ്ടിംഗുമായ ബന്ധപ്പെട്ട പ്രശ്നവും കാരണം കോണ്ടം സ്‌റ്റോക്കുകൾ ഒരു മാസത്തിനുള്ളിൽ തീരുമെന്നാണ് ചില ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ഡെയ്ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു. ക്ഷാമം കാരണം അടുത്ത വർഷം ആദ്യം ഒരു മാസത്തേക്ക് കുടുംബാസൂത്രണ ഡയറക്ടറേറ്റ് ജനറൽ (ഡിജിഎഫ്പി) കോണ്ടം വിതരണം ചെയ്യാൻ സാധിക്കില്ല. ഇതോടെ ബംഗ്ലാദേശിലെ കുടുംബാസൂത്രണ പരിപാടിക്ക് വൻ തിരിച്ചടിയാണ് ഉണ്ടാക്കുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കുടുംബാസൂത്രണത്തിനായി ഡിജിഎഫ്പി അഞ്ച് തരത്തിലുള്ള ഗർഭനിരോധന മാർഗമാണ് ഓരോ കുടുംബത്തിന് സൗജന്യമായി വിതരണം ചെയ്യുക. ഇതിൽ ഗർഭനിരോധന ഉറ, ഗുളികകൾ, ഐയുഡി, കുത്തിവയ്പ്പുകൾ, ഇംപ്ലാന്റുകൾ എന്നിവ ഉൾപ്പെടുന്നു. എന്നാൽ കഴിഞ്ഞ ആറ് വർഷത്തിനിടെ ഗർഭനിരോധന ഉറകളുടെ വിതരണം 57 ശതമാനം കുറഞ്ഞെന്നാണ് റിപ്പോർട്ട്. ഓറൽ ഗുളികകൾ 63 ശതമാനവും ഐയുഡികൾ 64 ശതമാനവും ഇൻജക്ഷനുകൾ 41 ശതമാനവും ഇംപ്ലാന്റുകൾ 37 ശതമാനവും കുറഞ്ഞു.
2025 ഡിസംബർ 11ലെ കണക്കനുസരിച്ച്, ഏജൻസിയുടെ കൈവശം 39 ദിവസത്തേക്കുള്ള കോണ്ടം, 33 ദിവസത്തേക്കുള്ള ഇംപ്ലാന്റുകൾ, 45 ദിവസത്തേക്കുള്ള ഐയുഡികൾ, അഞ്ച് മാസത്തിനും 18 ദിവസത്തേക്കുമുള്ള ഓറൽ ഗുളികകൾ, ആറ് മാസത്തിനും 15 ദിവസത്തേക്കുമുള്ള ഇൻജക്ഷനുകൾ എന്നിവ മാത്രമാണുള്ളതെന്നാണ് റിപ്പോർട്ട്. വാങ്ങലുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമപരമായ പ്രശ്നം പരിഹരിക്കപ്പെട്ടാൽ, ഈ ഗർഭനിരോധന വസ്തുക്കൾ ഉടൻ തന്നെ വീണ്ടും സ്റ്റോക്ക് ചെയ്യാൻ കഴിയുമെന്ന് ഡിജിഎഫ്പിയുടെ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ യൂണിറ്റിന്റെ ഡയറക്ടർ അബ്ദുർ റസാഖ് പറഞ്ഞു. എന്നിരുന്നാലും, കോണ്ടം തീർന്നുപോകാൻ സാദ്ധ്യതയുണ്ടെന്നും, കുറഞ്ഞത് ഒരു മാസത്തേക്കെങ്കിലും ലഭിക്കാതെ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |