ബീജിംഗ് : ബ്രസീലിൽ നിന്നും ചൈനയിലേക്ക് ഇറക്കുമതി ചെയ്ത ചിക്കനിൽ കൊവിഡ് 19ന് കാരണമായ കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി ചൈനീസ് അധികൃതർ. ഷെൻസൻ നഗരത്തിൽ ഇറക്കുമതി ചെയ്ത വസ്തുക്കളിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ചിക്കനിൽ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്.
ബീജിംഗിലെ സീഫുഡ് മാർക്കറ്റുമായി ബന്ധപ്പെട്ട് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പരിശോധന കർശനമാക്കിയതോടെയാണ് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളിൽ വൈറസിന്റെ സാന്നിദ്ധ്യമുണ്ടെന്ന് കണ്ടെത്തിയത്. ചിക്കൻ പാക്കേജുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരെയും കൊവിഡ് പരിശോധനകൾക്ക് വിധേയമാക്കി. ഇവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ബ്രസീലിലെ സാന്റാ കാതറീനയിൽ നിന്നുമാണ് ചിക്കൻ ചൈനയിലേക്ക് ഇറക്കുമതി ചെയ്തത്.
ഇതോടെ ഇറക്കുമതി ചെയ്യുന്ന ശീതീകരിച്ച ഭക്ഷണ പദാർത്ഥങ്ങളുടെ കാര്യത്തിൽ ഉപഭോക്താക്കൾക്ക് കർശന ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ് ചൈനീസ് ഭരണകൂടം. കഴിഞ്ഞ ദിവസം ചൈനയിൽ ഇറക്കുമതി ചെയ്ത ശീതീകരിച്ച സീഫുഡ് പാക്കേജുകളിൽ കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. കിഴക്കൻ ഷാൻഡോംഗ് പ്രവിശ്യയിലെ യാന്റായി നഗരത്തിലെ മൂന്ന് കമ്പനികൾ വാങ്ങിയ സീഫുഡ് പാക്കേജുകളുടെ പുറത്താണ് വൈറസ് അംശം കണ്ടെത്തിയത്.
ജൂലായിൽ ഇക്വഡോറിൽ നിന്നും ചൈനയിലേക്ക് ഇറക്കുമതി ചെയ്ത ചെമ്മീൻ പാക്കേജുകളിൽ കൊവിഡ് സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് മൂന്ന് ഇക്വഡോറിയൻ കമ്പനികളിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതിയ്ക്ക് ചൈന വിലക്കേർപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |