കൊച്ചി: സംസ്ഥാനത്ത് ഇന്നലെ സ്വർണ വ്യാപാരം നടന്നത് രണ്ടു വിലകളിൽ! ഭീമ ചെയർമാൻ ഡോ.ബി. ഗോവിന്ദൻ പ്രസിഡന്റായുള്ള ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷനാണ് (എ.കെ.ജി.എസ്.എം.എ) കാലങ്ങളായി കേരളത്തിലെ വില നിശ്‌ചയിക്കുന്നത്. ഇതാണ്, കേരള വിപണി പിന്തുടരുന്നതും.
ഇവർ ഇന്നലെ നിശ്ചയിച്ച വില ഗ്രാമിന് 4,730 രൂപയാണ്. എന്നാൽ, ജസ്‌റ്രിൻ പാലത്ര പ്രസിഡന്റായുള്ള 'യഥാർത്ഥ" എ.കെ.ജി.എസ്.എം.എ എന്ന് അവകാശപ്പെടുന്ന, സംഘടന ഇന്നലെ നിശ്ചയിച്ച വില 4,650 രൂപയും.
അംഗീകൃത ബാങ്കിൽ നിന്ന് ഇറക്കുമതി തീരുവയും നികുതിയും നൽകി നിയമാനുസൃതം ബുള്ള്യൻ (സ്വർണക്കട്ടി) വാങ്ങി കച്ചവടം നടത്തുന്നവർക്ക് ഇത്ര വില കുറച്ച് വിൽക്കാനാവില്ലെന്നും അനധികൃത സ്വർണം ലഭിക്കുന്നവർക്കേ ഇത്തരത്തിൽ വില കുറച്ചുവിൽക്കാനാകൂ എന്നും മലബാർ ഗ്രൂപ്പ് ചെയർമാനും കേരള ജുവലേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ എം.പി. അഹമ്മദ് പറഞ്ഞു.
കുറഞ്ഞ ബോർഡ് റേറ്റിൽ കച്ചവടം നടത്തുന്നവർക്ക്, സ്വർണം എവിടെ നിന്നു കിട്ടുന്നുവെന്ന് അന്വേഷിക്കണമെന്ന് എ.കെ.ജി.എസ്.എം.എ പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ.എസ്. അബ്‌ദുൽ നാസർ എന്നിവരും ആവശ്യപ്പെട്ടു. മലപ്പുറം, തൃശൂർ ജില്ലകളിലെ ചില പ്രദേശങ്ങളിലാണ് ഒരു വിഭാഗം വ്യാപാരികൾ ഗ്രാമിന് 4,650 രൂപയ്ക്ക് കച്ചവടം നടത്തിയത്.
സ്വർണവില നിർണയം
ലണ്ടൻ, മുംബയ് വിപണികളെയും രൂപയുടെ മൂല്യത്തെയും അടിസ്ഥാനമാക്കിയാണ് കേരളത്തിൽ സ്വർണവില നിർണയം. ഇന്നലെ രാവിലെ 9.30ന് ഔൺസിന് 1,940.30 ഡോളറായിരുന്നു ലണ്ടൻ വില. രൂപയുടെ മൂല്യം 73.87. ഇതുപ്രകാരം ബുള്ള്യൻ വില 5,385 രൂപ. ഇത് 24 കാരറ്ര് തങ്കമാണ്.
ഇത്, 22 കാരറ്രിലേക്ക് മാറ്റുമ്പോൾ മാർജിൻ ഉൾപ്പെടെ വില 4,730 രൂപയാകും. തമിഴ്നാട്, മുംബയ്, കർണാടക എന്നിവിടങ്ങളിൽ വില ഗ്രാമിന് 4,900 രൂപയ്ക്ക് മേലാണ്. എന്നിട്ടും, കേരളത്തിൽ ഒരു വിഭാഗം വ്യാപാരികൾ 4,650 രൂപയ്ക്ക് സ്വർണം വിൽക്കുന്നുണ്ടെങ്കിൽ അത് അനധികൃത സ്വർണമാകാമെന്നും അന്വേഷണം വേണമെന്നുമാണ് എ.കെ.ജി.എസ്.എം.എയുടെ ആവശ്യം. അതേസമയം, 'യഥാർത്ഥ" എ.കെ.ജി.എസ്.എം.എയായ തങ്ങൾക്കാണ് വില നിശ്ചയിക്കാനുള്ള അധികാരമെന്ന് ജസ്‌റ്രിൻ പാലത്ര പറഞ്ഞു.
ഉപഭോക്താക്കൾക്ക്
തിരിച്ചടി
പ്രതിസന്ധിക്കാലത്ത് സാമ്പത്തികാവശ്യം നിറവേറ്റാൻ സ്വർണപ്പണയത്തിന് പുറമേ പഴയസ്വർണം വിറ്റഴിച്ച് പണം നേടാനും ജനങ്ങൾ ശ്രമിക്കാറുണ്ട്. ബോർഡ് റേറ്ര് കുറച്ച് വിലയിടുന്നത്, ഉപഭോക്താക്കൾക്ക് ന്യായമായ വില ലഭിക്കാതിരിക്കാൻ ഇടവരുത്തും. ഇതിലൂടെ ഉപഭോക്താക്കളെയും സർക്കാരിനെയും ഒരുപോലെ വഞ്ചിക്കുകയാണ് ഇത്തരം വ്യാപാരികൾ ചെയ്യുന്നതെന്ന് എം.പി. അഹമ്മദ് അഭിപ്രായപ്പെട്ടു.
'' ഉപഭോക്താക്കളെ ചൂഷണം ചെയ്‌തുള്ള അനധികൃത സ്വർണ വ്യാപാരം തടയാനും സർക്കാരിന് ലഭിക്കേണ്ട ഭീമമായ നികുതി വരുമാനം ചോർന്നുപോകുന്നത് അവസാനിപ്പിക്കാനും സംസ്ഥാന സർക്കാർ നടപടിയെടുക്കണം""
എം.പി. അഹമ്മദ്,
ജനറൽ സെക്രട്ടറി,
കേരള ജുവലേഴ്സ് ഫെഡറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |