ന്യൂഡൽഹി: ജമ്മുകാശ്മീരിലെ ക്രമസമാധാന ചുമതല അടക്കമുള്ള സുപ്രധാന ചുമതലകൾ ലെഫ്‌റ്റനന്റ് ഗവർണർക്ക് നൽകുന്നത് അടക്കമുള്ള ചട്ടങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. പൊലീസ്, ക്രമസമാധാനം, അഴിമതി വിരുദ്ധ സെൽ, അഖിലേന്ത്യാ സർവീസ് തുടങ്ങിയവരുടെ ചുമതലകൾ ലെഫ്. ഗവർണർക്കായിരിക്കും. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അതിൽ കൈകടത്താനാകില്ല.
സുപ്രധാന വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചീഫ് സെക്രട്ടറി വഴി ലെഫ്. ഗവർണറുടെ ഓഫീസ് ആയിരിക്കും കൈകാര്യം ചെയ്യുകയെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ജമ്മുകാശ്‌മീരിലെ ക്രമസമാധാനം തകരുന്നതോ, ന്യൂനപക്ഷ സമുദായങ്ങൾ, പട്ടികജാതി, പട്ടിക വർഗ, പിന്നാക്ക സമുദായങ്ങൾ തുടങ്ങിയവരുടെ താത്പര്യങ്ങൾ ഹനിക്കപ്പെടുന്ന സാഹചര്യമോ ഉണ്ടായാലും മുഖ്യമന്ത്രിയുടെ അറിവോടെ ചീഫ് സെക്രട്ടറി ലെഫ്. ഗവർണറെ അറിയിക്കണം. കേന്ദ്രസർക്കാരിൽ നിന്ന് പ്രധാനമന്ത്രിയും മറ്റും നൽകുന്ന അടിയന്തര പ്രാധാന്യമുള്ള സന്ദേശങ്ങൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ലെഫ്. ഗവർണർക്കും നൽകണമെന്നും ചട്ടങ്ങളിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്‌ക്ക് സംസ്ഥാന ഉദ്യോഗസ്ഥർ, നികുതി, സർക്കാർ സ്വത്ത് വകകൾ, വകുപ്പുകളുടെ പുനഃനിർണയം, നിയമങ്ങളുടെ കരട് തയ്യാറാക്കൽ തുടങ്ങിയ ചുമതലകളാണുള്ളത്. വിദ്യാഭ്യാസം, കൃഷി, ഉന്നത വിദ്യാഭ്യാസം, ഹോൾട്ടികൾച്ചർ, തിരഞ്ഞെടുപ്പ്, പൊതുഭരണം, ആഭ്യന്തരം, മൈനിംഗ്, ഊർജ്ജം, പൊതുമരാമത്ത്, ആദിവാസി ക്ഷേമം, ഗതാഗതം തുടങ്ങി 39 വകുപ്പുകളായിരിക്കും ജമ്മുകാശ്‌മീരിലുണ്ടാകുക. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം വകുപ്പുകൾ മന്ത്രിമാർക്ക് നൽകേണ്ട ചുമതലയും ലെഫ്. ഗവർണർക്കാണ്.
എതിർക്കാനാവില്ല
ലെഫ്. ഗവർണറുടെ തീരുമാനങ്ങളിൽ മന്ത്രിസഭയ്‌ക്ക് എതിർപ്പുണ്ടായാൽ അവ ഒരു മാസത്തിനകം പരിഹരിച്ച് തീർപ്പാക്കണം. പക്ഷേ, തീരുമാനത്തെ എതിർക്കാനാകില്ല. കേന്ദ്രസർക്കാരുമായോ, മറ്റ് സംസ്ഥാന സർക്കാരുകളുമായോ ഉണ്ടാകുന്ന തർക്കങ്ങൾ മന്ത്രിസഭ ചീഫ് സെക്രട്ടറി മുഖാന്തരം ലെഫ്. ഗവർണറർക്ക് റിപ്പോർട്ട് ചെയ്യണം. മന്ത്രിസഭയുമായുള്ള അഭിപ്രായ വ്യാത്യാസങ്ങൾ ലെഫ്. ഗവർണർ കേന്ദ്രസർക്കാർ വഴി രാഷ്‌ട്രപതിയെ അറിയിക്കണം. തർക്കം പരിഹരിക്കപ്പെടുന്നതുവരെ തീരുമാനം പാടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |