തിരുവനന്തപുരം: ഓണക്കാലത്ത് നാട്ടിലേക്ക് വരാൻ മറ്റു സംസ്ഥാനങ്ങളിലെ മലയാളികൾ ആശ്രയിച്ചിരുന്ന സ്വകാര്യ ലക്ഷ്വറി ബസുകളിൽ ടിക്കറ്റ് നിരക്ക് കുറവായിട്ടും യാത്രക്കാർ തീരെ കുറവ്. കൊവിഡ് പേടിക്കുപുറമേ, വരുമ്പോൾ ഇവിടെയും മടങ്ങുമ്പോൾ അവിടെയും ക്വാറന്റൈനിൽ കഴിയേണ്ടിവരുമെന്ന ആശങ്കയാണ് മിക്കവരെയും യാത്രയിൽ നിന്ന് പിന്തിരിപ്പിക്കുന്നത്.
ബംഗളൂരുവിൽ എ.സി ബസിൽ സ്ലീപ്പറിൽ തിരുവനന്തപുരത്തേക്ക് 1450 രൂപയേ ചാർജുള്ളൂ. ചെന്നൈയിൽ നിന്നു കൊച്ചിയിലേക്ക് 1350 രൂപയും. എന്നിട്ടും യാത്രക്കാർ കുറവ്. സാധാരണ 2500 രൂപ മുതൽ 3000 രൂപ വരെ സ്വകാര്യബസുകൾ ഈടാക്കിയിരുന്നു.
ബംഗളൂരുവിലേക്കും തിരിച്ചും 18 ബസ് സർവീസുകളാണ് കെ.എസ്.ആർ.ടി.സി പ്രഖ്യാപിച്ചിരുന്നത്. 1227 രൂപയാണ് ടിക്കറ്റ് നിരക്ക്.
അതേസമയം,കെ.എസ്.ആർ.ടി.സി ദീർഘദൂര ബസുകൾ ഓടിത്തുടങ്ങിയെങ്കിലും ആദ്യദിനത്തിൽ യാത്രക്കാർ കുറവായിരുന്നു. 150 ഓളം ബസുകൾ അഞ്ചിലധികം ജില്ലകളെ ബന്ധിപ്പിച്ച് സർവീസ് നടത്തി.
തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് ബംഗളൂരുവിലേക്ക് പ്രത്യേക സർവീസ് നടത്തി. നിയന്ത്രണങ്ങളിൽ സെപ്തംബർ ഒന്നുവരെയാണ് ഇളവ്. ഓൺലൈനിൽ ടിക്കറ്റ് റിസർവ് ചെയ്യുന്നതാണ് അഭികാമ്യമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. വെബ്സൈറ്റ് www.keralartc.com/ticketbooking.html
ട്രെയിൻ ബുക്കിംഗ് കൗണ്ടർ സമയം മാറ്റി
ഞായർ, തിങ്കൾ ദിവസങ്ങളിൽ ബുക്കിംഗ് കൗണ്ടർ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ മാത്രമേ പ്രവർത്തിക്കൂ. മറ്റ് ദിവസങ്ങളിൽ രാവിലെ 8 മുതൽ രാത്രി 8വരെ. ട്രെയിനിലും യാത്രക്കാർ കുറവാണ്. സ്പെഷ്യൽ സർവീസാക്കിയ രാജധാനിയും കുർളയും സെപ്തംബർ 10 വരെ നിറുത്തിവച്ചിരിക്കുകയാണ്. നിസാമുദ്ദീനിൽ നിന്നു മംഗളയും, മുംബയിൽ നിന്നു തുരന്തോയുമാണ് ഇവിടെ എത്തുന്ന ട്രെയിനുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |