മാവേലിക്കര: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മാതൃകയായ, തെരുവിലെ കുട്ടപ്പനെ മോട്ടോർ വാഹനവകുപ്പ് ഓണസദ്യയും സമ്മാനങ്ങളും നൽകി ആദരിച്ചു.
മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി.മനോജിന്റെ നേതൃത്വത്തിൽ ആർ.ടി.ഒ ഓഫീസിൽ നടന്ന ചടങ്ങില്‍ കുട്ടപ്പന്‍ ഏറ്റവും പ്രിയപ്പെട്ട റേഡിയോയും ഓണക്കോടിയുമായാണ് മോട്ടോർ വാഹന എത്തിയത്. മാവേലിക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് അന്തിയുറങ്ങുന്ന തമ്പി എന്ന വയോധികനും ഓണക്കോടിയും സദ്യയും നൽകി. സാമൂഹിക പ്രവർത്തകരായ ഡോ.ശാമുവേൽ, റജി ഓലകെട്ടി, ഡി.അഭിലാഷ്, എം.വി.ഐമാരായ കെ.ജി.ബിജു, എസ്.സുബി, എ.എം.വി.ഐമാരായ കുര്യൻ ജോൺ, ശ്യാംകുമാർ, ജയറാം എന്നിവർ നേതൃത്വം നൽകി.
കൊവിഡ് ലോക്ക് ഡൗണിൽ മോട്ടോർ വാഹനവകുപ്പും സന്നദ്ധ പ്രവർത്തകരും ചേർന്ന് നിരാലംബർക്ക് ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നതിനിടെയാണ് തന്റെ കൈവശം ഉണ്ടായിരുന്ന 341 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി കുട്ടപ്പൻ മോട്ടോർ വാഹന വകുപ്പിനെ ഏൽപ്പിച്ചത്. തുകയുടെ രസീതും ആ തുകയുടെ ഇരട്ടി തുകയും കുട്ടപ്പന് മോട്ടോർ വാഹന വകുപ്പ് തിരികെ നൽകി. മാവേലിക്കര നഗരസഭ ചെയർപേഴ്‌സൺ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |