കോട്ടയം : പി.ജെ.ജോസഫിൽ നിന്ന് കേരള കോൺഗ്രസ് നേതൃസ്ഥാനവും രണ്ടില ചിഹ്നവും തിരഞ്ഞെടുപ്പ് കമ്മിഷൻ വിധിയിലൂടെ സ്വന്തമാക്കിയ ജോസ്.കെ.മാണി കേരള രാഷ്ട്രീയത്തിൽ പിടിമുറുക്കി. എം.എൽഎമാരുടെ എണ്ണത്തിൽ ജോസഫ് വിഭാഗം മുന്നിലായിരുന്നിട്ടും രണ്ട് എം.പി യുള്ളത് തിരഞ്ഞെടുപ്പ് കമ്മിഷനിലെ മൂന്ന് അംഗങ്ങളിൽ രണ്ട് പേരുടെ വിധി ജോസ് വിഭാഗത്തിന് അനുകൂലമായി. ചിഹ്നവും പാർട്ടിയുടെ പേരും മരവിപ്പിക്കുന്ന തീരുമാനമായിരുന്നു ഒരംഗം സ്വീകരിച്ചത്. വിചാരണ വേളയിൽ രേഖകൾ നിരത്താനായതും ജോസിന് നേട്ടമായി. വർക്കിംഗ് ചെയർമാന് ചെയർമാന്റെ അധികരമെന്ന പാർട്ടി ഭരണഘടനയുടെ ആനുകൂല്യവും ജോസഫിന് ലഭിച്ചില്ല . രണ്ടില ചിഹ്നം മരവിപ്പിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. കമ്മിഷനിലെ ഒരംഗത്തിന്റെ കാലാവധി അവസാനിക്കും മുമ്പ് അനുകൂലവിധി വരാൻ ഡൽഹി ഹൈക്കോടതിയിൽ കേസ് നൽകിയതും ജോസഫിന് തുണയായില്ല.
മധുര പ്രതികാരം
പാലാ ഉപതിരഞ്ഞെടുപ്പിൽ ജോസ് വിഭാഗത്തിലെ ജോസ് ടോമിന് രണ്ടില ചിഹ്നം നൽകണമെന്ന ആവശ്യം വൈസ് ചെയർമാന്റെ അധികാരമുപയോഗിച്ച് പി.ജെ.ജോസഫ് നിഷേധിച്ചിരുന്നു. ഒടുവിൽ സ്വതന്ത്ര ചിഹ്നമായ കൈതച്ചക്കയിൽ മത്സരിച്ച് പരാജയം രുചിച്ച ജോസിനിത് മധുര പ്രതികാരമാണ്. ഡൽഹി കോടതി സ്റ്റേ ഉണ്ടാകുന്നില്ലെങ്കിൽ ജോസഫിനും കൂട്ടർക്കും ഇനി രണ്ടില ചിഹ്നത്തിൽ മത്സരിക്കാനാവില്ല. സ്വതന്ത്ര ചിഹ്നം തേടണം. അല്ലെങ്കിൽ ജോസ് കനിയണം. മാണിയുടെ മകൻ ചെയർമാനാകണമെന്ന ജോസഫിന്റെ പരിഹാസവാക്കുകളും യാഥാർത്ഥ്യമായി.
ചിഹ്നത്തിന് അപേക്ഷ നൽകണം
ജോസഫ് വിഭാഗം നേരത്തേ മാണി വിഭാഗത്തിൽ ലയിച്ചതിനാൽ ജോസഫിന് പുതിയ പാർട്ടി രജിസ്റ്റർ ചെയ്യാനും പുതിയ ചിഹ്നത്തിനും അപേക്ഷ നൽകണം. തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിക്കുന്ന ചിഹ്നത്തിലേ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവൂ.
വിപ്പ് ലഘിച്ചതിന് നടപടി
ഇടതുമുന്നണിക്കെതിരായ അവിശ്വാസത്തിൽ നിന്ന് വിട്ടു നിൽക്കണമെന്ന ജോസ് പക്ഷത്തിന്റെ വിപ്പ് ലംഘിച്ച പി.ജെ.ജോസഫ്, മോൻസ് ജോസഫ് എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജോസ് വിഭാഗം സ്പീക്കർക്ക് കത്ത് നൽകി. ആരോഗ്യകാരണങ്ങളാൽ നിയമസഭയിലെത്താതിരുന്ന സി.എഫ്.തോമസ് വിപ്പ് അംഗീകരിച്ചുവെന്ന് ജോസ് വ്യക്തമാക്കിയതിലൂടെ പാർട്ടി സീനിയർ നേതാവായ സി.എഫിനെ തങ്ങളുടെ പക്ഷത്തേക്ക് എത്തിക്കാനും നീക്കമായി. ജോസഫ് പക്ഷത്തേക്ക് ചാടിയവർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം കിട്ടാൻ ജോസ് പക്ഷത്തേക്ക് വരണം. ജോസഫ് ഗ്രൂപ്പിൽ നിന്ന് നേതാക്കളുടെയും പ്രവർത്തകരുടെയും കുത്തൊഴുക്കാണ് ഇതിലൂടെ ജോസ് പക്ഷം ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |