തൃശൂർ : കോൺഗ്രസ് ജില്ലാ ആസ്ഥാനത്തെ നാഥനില്ലായ്മയെ ചൊല്ലിയുള്ള മുറവിളികൾക്ക് വിരാമമായി. എം.പി വിൻസെന്റ് പുതിയ ഡി.സി.സി പ്രസിഡന്റ്. പ്രസിഡന്റ് സ്ഥാനത്തിനായി അണിയറ നീക്കം നടത്തിയ മുതിർന്ന നേതാക്കളടക്കമുള്ളവരെ തള്ളി മാറ്റിയാണ് ഒല്ലൂർ മുൻ എം.എൽ.എ കൂടിയായ എം.പി വിൻസന്റിനെ ഹൈക്കമാൻഡ് നിയമിച്ചത്.
പ്രസിഡന്റ് സ്ഥാനത്തിനായി എ-ഐ ഗ്രൂപ്പുകൾ ഏറെ ചരടുവലികൾ നടത്തിയെങ്കിലും രണ്ട് ഗ്രൂപ്പുകളിലും പെടാത്ത എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ വിശ്വസ്തനായ വിൻസെന്റിന് നറുക്ക് വീഴുകയായിരുന്നു. നിലവിൽ കെ.പി.സിസി വൈസ് പ്രസിഡന്റ് പത്മജ വേണുഗോപാൽ, ജനറൽ സെക്രട്ടറി ഒ. അബ്ദു റഹിമാൻകുട്ടി എന്നിവർക്കാണ് ഡി.സി.സിയുടെ ചുമതല.
ഒന്നര വർഷത്തോളമായി തൃശൂർ ഡി.സി.സിക്ക് സ്ഥിരമായി പ്രസിഡന്റ് ഇല്ലാതിരിക്കുകയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡി.സി.സി പ്രസിഡന്റായിരുന്ന ടി.എൻ പ്രതാപൻ മത്സരിക്കുകയും വിജയിക്കുകയും ചെയ്തതോടെ സ്ഥാനം രാജിവെയ്ക്കുകയായിരുന്നു. പുതിയ പ്രസിഡന്റിനെ നിയമിക്കാൻ തയ്യാറാകാതിരുന്ന നേതൃത്വം പുതിയ പ്രസിഡന്റ് വരുന്നത് വരെ പ്രതാപനോട് തുടരാൻ ആവശ്യപ്പെട്ടു.
എന്നാൽ മാസങ്ങൾക്ക് ശേഷം മുതിർന്ന നേതാക്കൾ വരെ ഡി.സി.സി പ്രസിഡന്റിനെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് രംഗത്തെത്തി. ഇതോടെ തനിക്ക് ഡി.സി.സി പ്രസിഡന്റിന്റെ അധിക സ്ഥാനം വഹിക്കാൻ സാധിക്കില്ലെന്ന് പ്രതാപൻ നേതൃത്വത്തെ അറിയിച്ചു. ഇതിനിടെ കേരളത്തിൽ ഒഴിവുള്ള ഡി.സി.സി പ്രസിഡന്റുമാരെ ഹൈക്കമാൻഡ് നിയമിച്ചെങ്കിലും തൃശൂരും കോഴിക്കോടും പ്രഖ്യാപിക്കാതെ ഒഴിച്ചിട്ടു. പിന്നീട് പത്മജയ്ക്കും അബ്ദുറഹിമാൻ കുട്ടിക്കും ചുമതല കൈമാറി.
ഇതും നേതാക്കളിൽ അമർഷം ഉണ്ടാക്കി. പ്രസിഡന്റ് സ്ഥാനത്തിനായി ജില്ലയിലെ മുതിർന്ന നേതാക്കളും യുവനേതാക്കളും ചരട് വലി നടത്തി. സംഘടനാ ജനറൽ സെക്രട്ടറിയായ കെ.സി വേണുഗോപാലുമായുള്ള അടുപ്പം വിൻസെന്റിന് നേട്ടമായി. എതാനും മാസങ്ങൾക്ക് ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ പ്രസിഡന്റിന് ലഭിച്ചത് ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്ക് ആവേശം പകരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |