കോവളം: സംസ്ഥാനത്തെ രണ്ടാമത്തെ ശുദ്ധജലതടാകമായ വെളളായണിക്കായലിനെ ജൈവവൈവിദ്ധ്യ പൈതൃക കേന്ദ്രമാക്കുന്നു. വംശനാശ ഭീഷണി നേരിടുന്ന ദേശാടന പക്ഷികളുടെയും നാടൻ മീനുകളുടെയും അപൂർവ സസ്യജാലങ്ങളുടെയും ആവാസകേന്ദ്രമാണ് വെള്ളായണിക്കായലും പരിസരവും. ഇവയെ സംരക്ഷിക്കുന്നതിനും വെള്ളം മലിനമാകാതെ എക്കാലവും നിലനിറുത്തുന്നതിനുമാണ് വെള്ളായണിക്കായലിനെ പൈതൃക കേന്ദ്രമാക്കാൻ സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ് തീരുമാനിച്ചത്. ഇതിന്റെ ആദ്യഘട്ടമായി ദേശീയ ജൈവ വൈവിദ്ധ്യ ബോർഡിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച്, സംസ്ഥാന ജൈവ വൈവിദ്ധ്യബോർഡിന്റെ വിവിധ വിഭാഗത്തിലുളള വിദഗ്ദ്ധസംഘമെത്തി ശാസ്ത്രീയ പഠനം നടത്തിയിരുന്നു. ഇനി കായലിന്റെ ചരിത്രം, കായലുമായി ബന്ധപ്പെട്ട സാംസ്കാരിക പ്രവർത്തനങ്ങൾ, കായലിന്റെ ഇപ്പോഴത്തെ വിസ്തൃതി, തിരുവിതാംകൂർ രാജകുടുംബവുമായി ബന്ധപ്പെട്ട ചരിത്രം എന്നിവയുടെ വിവരശേഖരണവും നടത്തും. വെങ്ങാനൂർ, കല്ലിയൂർ പഞ്ചായത്തുകളിലൂടെയാണ് കായൽ കടന്നുപോകുന്നത്. അതിനാൽ ബോർഡ് തയ്യാറാക്കിയ വിശദറിപ്പോർട്ട് ഈ രണ്ട് പഞ്ചായത്തിലെയും ജൈവ വൈവിദ്ധ്യ പരിപാലന സമിതിക്ക് സമർപ്പിക്കും. ഇതിനുശേഷമാകും സർക്കാർ വെള്ളായണിക്കായലിനെ ജൈവ വൈവിദ്ധ്യ പൈതൃക കേന്ദ്രമാക്കി പ്രഖ്യാപിക്കുക. 182 ഇനം സസ്യങ്ങൾ,152 ഇനം പക്ഷികൾ, 42 ഇനം മീനുകൾ, ആറിനം ഉഭയജീവികൾ, 9 ഇനം ഉരഗങ്ങൾ,10 ഇനം സസ്തനികൾ, 60 ഇനം ചിത്രശലഭങ്ങൾ, 25 ഇനം തുമ്പികൾ, കായലിലും കരയിലുമായി 20 ഇനം പ്രാണികൾ,18 ഇനം കാർഷിക വിളകളുമാണ് വെള്ളായണി കായലിലും ചുറ്റുമുള്ള പ്രദേശങ്ങളിലും കാണുന്നത്. രുചിയേറിയ നാട്ടുമീനുകളുടെ അപൂർവ കലവറയാണ് വെള്ളായണിക്കായൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |