കോട്ടയം: ഔദ്യോഗിക പക്ഷമായി മാറിയ കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ ഒപ്പം കൂട്ടാൻ ഇരു മുന്നണികളും നീക്കം തുടങ്ങി. ഡിമാൻഡ് വർദ്ധിച്ചതോടെ വില പേശൽ തന്ത്രവുമായി നിൽക്കുകയാണ് ജോസ് കെ. മാണി .
സാങ്കേതികമായി പുറത്താക്കിയിട്ടും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധിയോടെ മാറി ചിന്തിക്കാൻ യു.ഡി.എഫ് നിർബന്ധിതരായെന്നതാണ് രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ നിലപാട് മാറ്റം തെളിയിക്കുന്നത്. ഇന്നലെ ചേരാനിരുന്ന യു.ഡി.എഫ് യോഗം മാറ്റി. ജോസുമായി മദ്ധ്യസ്ഥ ചർച്ച വേണമെന്ന ആവശ്യം മുസ്ലീം ലീഗും മുന്നോട്ട് വച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച മുഴുവൻ സീറ്റുകളും നൽകിയാൽ മാത്രം തിരിച്ചു വരുന്ന കാര്യം ചർച്ച ചെയ്യാമെന്നാണ് ജോസ് വിഭാഗം പറയുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുമായി ധാരണ ഉണ്ടാക്കാനുള്ള ചർച്ച ജോസ് വിഭാഗം നടത്തിയിരുന്നു. അത് തുടരാനാണ് ഇടതു മുന്നണി ആലോചന. എന്തുവന്നാലും കൂടുതൽ സ്ഥാനമാനങ്ങൾ നൽകുന്ന മുന്നണിയിൽ ചേർന്നാൽ മതിയെന്ന നിലപാടിലാണ് ജോസ് വിഭാഗം .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |