കോഴിക്കോട്: കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തുവിട്ട ബഫർ സോൺ കരട് വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കട്ടിപ്പാറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ബാരിക്കേഡുകൾ തകർത്ത് ഫോറസ്റ്റ് ഓഫീസിലേക്ക് കടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രവർത്തകർ സംസ്ഥാന പാത ഉപരോധിച്ചു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം അടക്കമുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് വിട്ടയച്ചു.
മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.എ റസാഖ് മാസ്റ്റർ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ വി.എം ഉമ്മർ മാസ്റ്റർ, നജീബ് കാന്തപുരം തുടങ്ങിയവർ സംസാരിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് താമരശ്ശേരി ഡിവൈ.എസ്.പി ടി.കെ അഷ്‌റഫിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. നജീബിന്റെ അറസ്റ്റിൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ. ഫിറോസും പ്രതിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |