പാലക്കാട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ കെ.എസ്.ആർ.ടി.സിയുടെ ഓണം വരുമാനത്തിൽ കുറവ്. ആഗസ്റ്റ് 29 മുതൽ സെപ്തംബർ രണ്ടുവരെയുള്ള അഞ്ചു ദിവസങ്ങളിലായി 16,68,550 രൂപയാണ് ജില്ലയിലെ നാലു ഡിപ്പോകളിലെ ആകെ വരുമാനം. കഴിഞ്ഞവർഷം പാലക്കാട് മാത്രം 21 ലക്ഷത്തിലധികം കളക്ഷൻ നേടി റെക്കോഡിട്ടിരുന്നു. എന്നാൽ, ഇത്തവണ കൊവിഡ് മൂലം സർവീസുകൾ പലതും വെട്ടിക്കുറച്ചിരുന്നു.
മൂന്ന് ബോണ്ട് സർവീസുകൾ ഉൾപ്പെടെ 51 സർവീസുകളാണ് പാലക്കാട് ഡിപ്പോയിൽ നിന്നുള്ളത്. മണ്ണാർക്കാട് നിന്നും 24, ചിറ്റൂർ 25, വടക്കഞ്ചേരി 23 എന്നിങ്ങനെയാണ് സബ് ഡിവിഷനുകളിലെ സർവീസ്. ഓണത്തോടനുബന്ധിച്ച് കോട്ടയം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് പാലക്കാട് നിന്നും ദീർഘദൂര ബസുകൾ ആരംഭിച്ചിട്ടുണ്ട്. കോട്ടയത്തേക്ക് ഒന്ന്, എറണാകുളത്തേക്ക് രണ്ട്, കോഴിക്കോട്ടേക്ക് എട്ട് സർവീസുകളുമാണ് തുടങ്ങിയത്. ഇതിനുപുറമേ പാലക്കാട് ഡിപ്പോയിൽ നിന്നും കോയമ്പത്തൂരിലേക്ക് അടുത്തയാഴ്ച മുതൽ ബോണ്ട് സർവീസ് തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. കോയമ്പത്തൂരിൽ ജോലി ചെയ്യുന്നവർക്കായാണ് സൗകര്യം ഒരുക്കുന്നത്.
പാലക്കാട് നിന്നും ഗാന്ധിപുരത്തേക്കാണ് സർവീസ്. രാവിലെ 8.30ന് പാലക്കാട് നിന്നും പുറപ്പെട്ട് വൈകീട്ട് 5.15ന് ഗാന്ധിപുരത്തുനിന്നും തിരിച്ച് മടങ്ങുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. 39 പേർ ഇതുവരെ ബുക്ക് ചെയ്തിട്ടുണ്ട്. നെന്മാറയിൽ നിന്നും കളക്ടറേറ്റിലേക്കും സർവീസ് ആരംഭിക്കാൻ യാത്രക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന്റെ നടപടികൾ പുരോഗതിയിലാണ്.സംസ്ഥാനത്ത് പാലക്കാട് ജില്ലയിലാണ് കൂടുതൽ ബോണ്ട് സർവീസുകൾ ഉള്ളത്.
പി.എസ്.മഹേഷ്, ഇൻസ്പെക്ടർ, കെ.എസ്.ആർ.ടി.സി പാലക്കാട്
കഴിഞ്ഞ ദിവസങ്ങളിലെ ജില്ലയിലെ കളക്ഷൻ
ആഗസ്റ്റ് 29 - 576802
ആഗസ്റ്റ് 30 - 153788
ആഗസ്റ്റ് 31- 177919
സെപ്തംബർ 1 - 238155
സെപ്തംബർ 2 - 521886
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |