ബെയ്‌റൂട്ട്: സ്‌ഫോടനത്തില്‍ തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നും ഹൃദയ സ്പന്ദനം കേട്ടതായി രക്ഷാ പ്രവര്‍ത്തകര്‍. ബെയ്‌റൂട്ട് സ്‌ഫോടനം നടന്ന് നാലാഴ്ച പിന്നിടുമ്പോഴാണ് അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ മനുഷ്യ സാന്നിധ്യം ഉള്ളതായി രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയിരിക്കുന്നത്. അവശിഷ്ടങ്ങള്‍ വലിയതോതില്‍ നീക്കിയെങ്കിലും ലക്ഷ്യ സ്ഥാനത്ത് ഇനിയും എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
ആ ഹൃദയമിടിപ്പ്
പ്രത്യേകതരം സെന്‍സര്‍ ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണ് ഹൃദയമിടിപ്പ് ശബ്ദം തിരിച്ചറിഞ്ഞത്.സ്‌ഫോടനത്തില്‍ ഇതുവരെ 191 പേരാണ് കൊല്ലപ്പെട്ടത്. എങ്കിലും അവശിഷ്ടങ്ങള്‍ക്കിടയില്‍ മനുഷ്യനുണ്ടാകുമെന്നുതന്നെയാണ് പരിശോധനാ ഫലം തെളിയിക്കുന്നത്. കുടുങ്ങി കിടക്കുന്ന ആളെ ജീവനോടെയോ അല്ലാതെയോ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തനത്തെ ഏകോപിപ്പിക്കുന്ന നിക്കോളാസ് സാദേ.
രക്ഷകർ ചിലിയില്‍ നിന്ന്
ചിലിയില്‍ നിന്നും എത്തിയ രക്ഷാപ്രവര്‍ത്തകരും ലബനീസ് സൈന്യവും ചേര്‍ന്നാണ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത്. വെള്ളിയാഴ്ചയാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഹൃദയമിടിപ്പ് ഉപകരണം തിരിച്ചറിഞ്ഞത്. മുന്‍ ദിവസങ്ങളിലെ പ്രവര്‍ത്തനങ്ങളെക്കാള്‍ നിലവില്‍ വേഗത കുറഞ്ഞിട്ടുണ്ടെന്ന് നിക്കോളാസ് സാദേ പറഞ്ഞു. അവശിഷ്ടങ്ങള്‍ നീക്കം ചെയ്തശേഷം ഹൃദയമിടിപ്പ് ഞങ്ങള്‍ വീണ്ടും പരിശോധിച്ചു. എന്നാല്‍ മിടിപ്പ് കുറഞ്ഞതായാണ് വ്യക്തമാകുന്നത്.
കൊവിഡ് മഹാമാരിയെത്തുടര്‍ന്നും സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ നഷ്ടങ്ങളെത്തുടര്‍ന്നും ലെബനന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് അത്യാധുനിക സംവിധാനം ഇല്ലാത്തതിനാല്‍ ചിലിയുടെ സഹായത്തോടെയാണ് ബെയ്‌റൂട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം എന്നിവ രേഖപ്പെടുത്താനുള്ള തെര്‍മ്മല്‍ സ്‌കാനറുകളും സംഘം ദുരന്ത സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |