ന്യൂഡൽഹി: ശ്രീലങ്കൻ തീരത്തിന് സമീപം സ്‌ഫോടനമുണ്ടായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ എണ്ണക്കപ്പൽ ദ ന്യൂ ഡയമണ്ടിലെ തീ നിയന്ത്രണവിധേയമായതായി നാവികസേന ശനിയാഴ്ച അറിയിച്ചു. നാല് ടഗ് ബോട്ടുകളും മൂന്ന് ശ്രീലങ്കൻ നാവികസേനാകപ്പലുകളും നാല് ഇന്ത്യൻ കപ്പലുകളും വ്യാഴാഴ്ച മുതൽ കപ്പലിലെ തീ അണയ്ക്കാനായി സംയുക്തശ്രമം നടത്തി വരികയായിരുന്നു.
അപകടത്തിൽ ഫിലിപ്പീൻ സ്വദേശിയായ ക്രൂ അംഗം മരിച്ചു. കപ്പലിലുണ്ടായിരുന്ന ബാക്കി 22 പേരെ സുരക്ഷിതമായി മാറ്റി.
കുവൈത്തിൽ നിന്ന് ഇന്ത്യൻ തുറമുഖമായ പാരാദീപിലേക്ക് 2,70,000 ടൺ ക്രൂഡ് ഓയിലുമായി വരികയായിരുന്ന കപ്പലിന്റെ എൻജിൻ മുറിയിലുണ്ടായ പൊട്ടിത്തെറിയെ തുടർന്നാണ് തീപിടിത്തമുണ്ടായത്. എന്നാൽ എൻജിൻ മുറിയിൽ എണ്ണച്ചോർച്ചയുണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടില്ല.
കപ്പലിലുണ്ടായിരുന്ന ക്രൂഡ് ഓയിലിനും 1,700 ടൺ ഡീസലിലും തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. എണ്ണച്ചോർച്ചയോ പൊട്ടിത്തെറിയോ ഉണ്ടായാൽ ശ്രീലങ്കയിൽ ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകുമെന്ന് നേരത്തെ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
കപ്പലിലെ തീ പൂർണമായി കെടുത്താൻ അഞ്ച് ദിവസം വേണ്ടി വരുമെന്ന് റെയർ അഡ്മിറൽ വൈ എൻ ജയരത്ന അറിയിച്ചു. അതിന് ശേഷമായിരിക്കും കപ്പൽ യാത്ര പുനഃരാരംഭിക്കുന്നത്. കപ്പലിൽ നിന്ന് മറ്റൊരു കപ്പലിലലേക്ക് എണ്ണ മാറ്റുന്ന കാര്യം പരിഗണിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |