പാർട്ടിക്ക് പിന്നിൽ വിരേൺ ഖന്ന, നാർക്കോട്ടിക് യൂണിറ്റ് അന്വേഷണം തുടങ്ങി
കൊച്ചി:പ്രശസ്ത കന്നഡ ചലച്ചിത്ര താരം രാഗിണി ദ്വിവേദിയും ചില മലയാളികളും ഉൾപ്പെടെ അറസ്റ്റിലാവുകയും മലയാള സിനിമകളിലൂടെ പ്രശസ്തയായ നിക്കി ഗൽറാണിയുടെ സഹോദരിയും കന്നഡ താരവുമായ സഞ്ജന ഗൽറാണി കസ്റ്റഡിലാവുകയും ചെയ്‌ത ബംഗളുരു ലഹരിമരുന്ന് കേസിലെ ഗുഢസംഘത്തിന്റെ നീരാളിക്കൈകൾ കൊച്ചിയിലും എത്തി.
ചലച്ചിത്രതാരങ്ങളെ ഇടനിലക്കാരാക്കി ബംഗളൂരുവിൽ ലഹരി പാർട്ടികൾ സംഘടിപ്പിച്ചിരുന്ന പ്രൊഡക്‌ഷൻ കമ്പനി ഉടമ വിരേൺ ഖന്ന കൊച്ചിയിലും ഡി.ജെ പാർട്ടി സംഘടിപ്പിച്ചതായി കേന്ദ്ര നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്‌ക്ക് (എൻ.സി.ബി) വിവരം ലഭിച്ചു. ഇതിനെക്കുറിച്ച് കൊച്ചി യൂണിറ്റ് അന്വേഷണം തുടങ്ങി.
മലയാള സിനിമാതാരങ്ങളും മോഡലുകളും പാർട്ടികളിൽ പങ്കെടുത്തോയെന്നാണ് പ്രധാന അന്വേഷണം. രാഷ്ട്രീയ പിന്തുണ ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും.
ബംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്‌റ്റിലായ എറണാകുളം സ്വദേശി മുഹമ്മദ് അനൂപ്, സീരിയൽ നടി അനിഘ, കണ്ണൂർ സ്വദേശി ജിംറീൻ അഷി എന്നിവർ മലയാളത്തിലെ ചില യുവ സിനിമാപ്രവർത്തകരുമായി അടുത്തബന്ധം പുലർത്തിയിരുന്നു. അവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ബംഗളൂരുവിൽ വിരേൺ ഖന്നയ്‌ക്ക് ഡി.ജെ പാർട്ടികൾ സംഘടിപ്പിക്കാൻ സ്‌പോൺസർമാരായി രംഗത്തെത്തിയത് മദ്യക്കമ്പനികളായിരുന്നു. ഇതിനിടയിൽ മയക്കുമരുന്ന് വിപണനമെന്ന തന്ത്രമാണ് സംഘം വർഷങ്ങളായി വിജയകരമായി നടപ്പാക്കിയത്. കഴിഞ്ഞവർഷം കൊച്ചിയിലും ഡി.ജെ പാർട്ടി നടത്തിയതായാണ് വിവരം.
ബംഗളൂരുവിലെ കാേളേജ് വിദ്യാർത്ഥികൾക്കും നിശാപാർട്ടികൾക്കും ലഹരിമരുന്നുകൾ എത്തിച്ചതായി മുഹമ്മദ് അനൂപ് മൊഴി നൽകിയിട്ടുണ്ട്. ന്യൂജെൻ ലഹരിയായ എം.ഡി.എം.എ ഗുളികകൾ ബംഗളൂരുവിൽ നിന്നാണ് കൊച്ചിയിലേക്ക് എത്തുന്നത്. ഇതിനുപിന്നിലും അനൂപിന്റെ സംഘമാണോയെന്ന് അന്വേഷിക്കും.
തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തിന് സാമ്പത്തിക നിക്ഷേപത്തിനായി നിരവധി പേരിൽ നിന്ന് പണം സ്വരൂപിച്ച പെരിന്തൽമണ്ണ സ്വദേശി കെ.ടി. റെമീസിന്റെ മൊബൈൽ നമ്പർ അനൂപിന്റെ ഫോണിലുണ്ടായിരുന്നു. ലഹരി കടത്തിന് റെമീസ് സാമ്പത്തിക നിക്ഷേപം നടത്തിയിരുന്നോയെന്ന് കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗവും അന്വേഷണം തുടങ്ങി.
മയക്കു മരുന്നെത്തിക്കുന്നത് നൈജീരിയൻ സംഘം
മുഹമ്മദ് അനൂപിന്റെ നേതൃത്വത്തിലുള്ള ലഹരിസംഘത്തിന് മയക്കുമരുന്നുകൾ എത്തിച്ചിരുന്നത് നൈജീരിയൻ സ്വദേശിയായ ലോം പെപ്പർ സാമ്പയാണ്. യുവനടനും മോഡലുകളും പിടിയിലായ കൊച്ചിയിലെ ലഹരിമരുന്ന് കേസിൽ കൊക്കെയ്ൻ എത്തിച്ചതും നൈജീരിയൻ സ്വദേശി ഒക്കാവോ ചിഗോസി കൊളിൻ എന്ന യുവാവായിരുന്നു. ഇയാൾ ലഹരിമരുന്നുമായി എറണാകുളം സൗത്ത് റെയിൽവെ സ്‌റ്റേഷനിൽ എത്തിയപ്പോൾ പിടിയിലാകുകയായിരുന്നു. സിന്തെറ്റിക് ലഹരിമരുന്നുകൾ നൈജീരിയൻ സംഘമാണ് ബംഗളൂരു വഴി കൊച്ചിയിലെത്തിക്കുന്നത്. മണമില്ലെന്നതും എളുപ്പത്തിൽ കൈവശം വയ്ക്കാവുന്നതുമായതിനാൽ ന്യൂജെൻ സംഘങ്ങൾക്ക് ഈ ലഹരികളാണ് ഇഷ്‌ടം.
സഞ്ജന അറസ്റ്റിലായേക്കും
സഞ്ജന ഗൽറാണിയെ ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് ഇന്നലെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഇവരെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്യവസായി രാഹുൽ ഷെട്ടിയുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായതിന് പിന്നാലെയാണ് സഞ്ജനയെ ചോദ്യം ചെയ‌്തത്.
അതേസമയം, അറസ്റ്റിലായ നടി രാഗിണി ദ്വിവേദിയെ ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. അന്വേഷണം കൂടുതൽ പ്രമുഖരിലേക്ക് നീളുകയാണെന്നാണ് സൂചന. രാഗിണി, സുഹൃത്തും സർക്കാർ ഉദ്യോഗസ്ഥനുമായ രവിശങ്കർ, ലഹരി ഇടനിലക്കാരനായ ശിവപ്രകാശ്, വ്യവസായി രാഹുൽ ഷെട്ടി, നിശാപാർട്ടികളുടെ സംഘാടകനായ വിരേൻ ഖന്ന തുടങ്ങി 11 പേർക്കെതിരെ കോട്ടൺപേട്ട് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഖന്നയെ ഡൽഹിയിൽ നിന്നാണ് പിടികൂടിയത്.
വീണ്ടും ലഹരിവേട്ട: മലയാളികളും പിടിയിൽ
ബംഗളൂരു നഗരത്തിൽ 40 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി മലയാളികൾ ഉൾപ്പെടെ മൂന്നു പേർ പിടിയിൽ. എ.സുബ്രഹ്മണ്യൻ നായർ, ഷെജിൻ മാത്യു എന്നീ മലയാളികളെയും മറ്റൊരാളെയുമാണ് ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ‌്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |