തൃശൂർ: കേന്ദ്ര ദുരന്ത നിവാരണ നിയമത്തിന്റെ ലംഘനമാണ് വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ സംഭവിച്ചതെന്ന് കേന്ദ്ര വിദേശകാര്യ - പാർലമെൻ്ററി കാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ഇതിൻ്റെ തുടർ നടപടി എന്തായിരിക്കണമെന്നത് വിദേശകാര്യ വകുപ്പ് വിശദമായി അന്വേഷിച്ച് വരികയാണ്.
മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യമുന്നയിച്ച് ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ.കെ. അനീഷ് കുമാർ നടത്തുന്ന ഉപവാസ സമരം ഓൺ ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശത്ത് നിന്ന് എന്ത് സഹായം സ്വീകരിക്കാനും കേന്ദ്ര സർക്കാരിൻ്റെ അനുവാദം വേണം. മുഖ്യമന്ത്രി പറയുന്നത് അതിൻ്റെ ആവശ്യമില്ലെന്നാണ്. ആരാണ് മുഖ്യമന്ത്രിക്ക് ഈ ഉപദേശം കൊടുത്തതെന്ന് അറിയില്ല. അതുപോലെ കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ ചുമതലയുള്ള മന്ത്രി പറയുന്നത് എംബസിയിൽ നിന്ന് ഒരു പൊതി കിട്ടിയപ്പോൾ അത് തുറന്ന് നോക്കാതെ വിതരണം ചെയ്തുവെന്നാണ്. ഇതേക്കുറിച്ച് പറയുമ്പോൾ ഫേസ് ബുക്കിലൂടെ എന്നെ തൂക്കിക്കൊന്നോളൂ എന്ന മറുപടിയാണ് മന്ത്രി നൽകുന്നത്. നിയമം ലംഘിച്ച മന്ത്രിക്ക് കേരളത്തിലെ രാഷ്ട്രീയ അവബോധമുള്ള ജനങ്ങളെ പറ്റിക്കാനാകില്ല. സി.പി.എം പാർട്ടി സെക്രട്ടറി തന്റെ മകൻ്റെ പേരിലുള്ള പുതിയ ആരോപണത്തെ കുറിച്ച് പറയുന്നത് താൻ അയാളെ രക്ഷിക്കാൻ മുന്നോട്ട് വരില്ലെന്നാണ്. അത് മറ്റ് പലരും ചെയ്ത് കൊള്ളുമെന്നായിരിക്കും വിചാരം. മുമ്പും അങ്ങനെയാണല്ലോ സംഭവിച്ചത്. ഒരു ജീവനക്കാരനെതിരെ ഒരു കുറ്റവാളി കൊടുത്ത മൊഴിയുടെ പേരിൽ ജനം ടി.വി ചാനലിനെ ഞങ്ങൾ തള്ളിപ്പറയുമെന്ന് കരുതണ്ട. ദേശീയ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളോട് വസ്തുനിഷ്ഠമായ സമീപനം സ്വീകരിച്ചിട്ടുള്ള ചാനലിൻ്റെ സംഭാവനകൾ കേരളത്തിന് തുടർന്നും ലഭിക്കണമെന്നതാണ് ഹിന്ദുത്വാഭിമുഖ്യം പുലർത്തുന്ന എല്ലാവരും പ്രതീക്ഷിക്കുന്നത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം ശാസ്ത്രീയമായും നിഷ്പക്ഷമായും നടക്കുകയാണ്. അന്തിമ വിധി ജനങ്ങളുടേതാണെന്നും ജനാഭിലാഷമനുസരിച്ച് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഡ്വ. കെ.കെ അനീഷ് കുമാർ, എ. നാഗേഷ്, അഡ്വ. ഉല്ലാസ് ബാബു, എം.എസ് സമ്പൂർണ്ണ, അഡ്വ. രവികുമാർ ഉപ്പത്ത് തുടങ്ങിയവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |