ന്യൂഡൽഹി: വീട്ടിൽ നായ്ക്കളെ വളർത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നാടൻ ഇനങ്ങളെ വളർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം പുറത്തുവന്നതോടെ നമ്മുടെ നാടൻ നായ്ക്കൾക്ക് ശരിക്കും ശുക്രനുദിച്ചിരിക്കുകയാണ്. നാടൻ ഇനങ്ങൾ സ്വന്തമാക്കാൻ ഇപ്പോൾ പലരും മത്സരിക്കുകയാണ്. ചോദിക്കുന്ന വിലകൊടുക്കാനും തയ്യാർ. നേരത്തേ സ്റ്റാറ്റസ് സിംബൽ എന്നനിലയിൽ വിദേശ ഇനം നായ്ക്കളെ വളർത്തിയിരുന്നവരാണ് ഇതിൽ കൂടുതലും.
കാണാൻ സൗന്ദര്യമില്ല, പരിശീലിപ്പിക്കാൻ പ്രയാസം തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് പലരും നാടൻ ഇനങ്ങളെ വീടിന്റെ പരിസരത്ത് അടുപ്പിക്കാതിരുന്നത്. എന്നാൽ ഇപ്പറഞ്ഞതിലൊന്നും യാഥാർത്ഥ്യത്തിന്റെ അംശംപോലും ഇല്ലെന്നാണ് നാടൻ നായ്ക്കളെ വളർത്തുന്നവരും ഡോക്ടർമാരും ട്രെയിനർമാരും പറയുന്നത്. വിദേശ ഇനങ്ങളെക്കാൾ ബുദ്ധികൂടുതലും പരിശീലിപ്പിക്കാൻ എളുപ്പമുളളതും നാടൻ നായ്ക്കൾക്കാണെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. കാണാനും വലിയ തരക്കേടില്ല.
ഉയർന്ന രോഗപ്രതിരോധ ശേഷിയും ഇവയെ വിദേശ ഇനങ്ങളിൽ നിന്ന് വേറിട്ടുനിറുത്തുന്നു. നാടൻ ഇനങ്ങൾ ശരാശരി പതിനഞ്ച് വയസുവരെ ജീവിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
വിദേശ ഇനങ്ങൾക്ക് സ്കിൻ പ്രശ്നങ്ങൾ ഉണ്ടാവാൻ സാദ്ധ്യത വളരെകൂടുതലാണ്. കാലാവസ്ഥാ വ്യതിയാനം പാേലും അവയ്ക്ക് പ്രശ്നമുണ്ടാകുന്നു. അവയുടെ ചികിത്സാച്ചെലവും കൂടുതലാണ്. എന്നാൽ നാടൻ നായ്ക്കൾക്ക് അസുഖം വരാനുളള സാദ്ധ്യത വരളെ കുറവാണ്. പരിശീലിപ്പിക്കാനും എളുപ്പമാണ്. വീട്ടിലുളളവരോട് എളുപ്പത്തിൽ അടുക്കുകയും ചെയ്യും. വളർത്താനുളള ചെലവും കുറവാണ് - നായപ്രേമിയായ സംഗീത പറയുന്നു.
നമ്മുടെ നാട്ടിൽ ജനിച്ചുവളർന്നതുകൊണ്ടാണ് നാടൻ നായ്ക്കൾക്ക് ഇവിടത്തെ പരിസ്ഥിതിയുമായി എളുപ്പത്തിൽ യോജിക്കാൻ കഴിയുന്നത്. എന്നാൽ മുന്തിയ ഇനം നായ്ക്കൾക്ക് ഇവിടത്തെ ചൂടുകാലാവസ്ഥ സഹിക്കാനാവുന്നതിനും അപ്പുറമാണ്. എയർ കണ്ടീഷൻ ചെയ്ത മുറികൾക്കുളളിൽ മാത്രമേ പലതിനും കഴിയാനാവൂ. അതിനാൽത്തന്നെ ഇത്തരം ഇനങ്ങളെ പരിപാലിക്കാനുളള ചെലവും വളരെ കൂടുതലാണ്. വിദേശ ഇനങ്ങൾക്ക് ആയുർദൈർഘ്യം കുറവാണ്. പരിപാലിക്കുളള ചെലവും മറ്റ്ബുദ്ധിമുട്ടുകളും നിമിത്തം വിദേശ ഇനം നായ്ക്കളെ ഉപേക്ഷിക്കുന്നവരുടെ എണ്ണവും കൂടിവരികയാണ്.
രാജപാളയം, ചിപ്പിപ്പാറ, കന്നി, മലയ് പട്ടി, മുദോൾ ഹൗണ്ട്, രാം പൂർ ഹൗണ്ട്, കോമ്പായ് തുടങ്ങിയവയാണ് ഇന്ത്യയിലെ അറിയപ്പെടുന്ന നാടൻ ഇനങ്ങൾ. ഇതിൽ ഏറെ പ്രചാരമുളളതാണ് രാജാപാളയം. നാടൻ നായ്ക്കളുടെ വർഗത്തിൽപ്പെട്ടതും, വേട്ടനായ്ക്കളുടെ ഗണത്തിൽപെടുന്നതുമായ ഇനമാണ് രാജാപാളയം. തമിഴ്നാട്ടിലെ രാജാപാളയം എന്ന സ്ഥമാണ് ഇവയുടെ ജന്മദേശം. അതിനാലാണ് ഈ നായ്ക്കൾക്കും ആ പേര് വന്നത്.
റേഡിയോ പരിപാടിയായ മൻകി ബാത്തിലാണ് നാടൻ നായ്ക്കളെ വളർത്താൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. 'അടുത്ത തവണ ഒരു ഒരു പട്ടിയെ വളർത്തുന്ന കാര്യം ആലോചിക്കുമ്പോൾ വീട്ടിലേയ്ക്ക് ഇന്ത്യൻ ഇനത്തിൽപ്പെട്ട ഒരു നായയെ കൊണ്ടുവരുന്ന കാര്യം പരിഗണിക്കുക' - എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |