നെയ്യാറ്റിൻകര: ഋതുഭേദങ്ങളുടെ കാലവും കഴിഞ്ഞു. മാറി മാറി വരുന്ന വേനലും മഴയുമൊക്കെ ചേർന്ന് ഗ്രാമ പ്രദേശങ്ങളിൽ സമൃദ്ധമായിരുന്ന കൃഷിരീതികളെ മാറ്റി മറിക്കുകയാണ്.
വേനൽ പാതി കഴിഞ്ഞതോടെ ഇനി മഴക്കാലം വരവായി. വരാൻ പോകുന്നത് കന്നിമാസമാണ്. കന്നിവെറിയെന്ന് പഴമക്കാർ പറയും. അതു കഴിഞ്ഞാൽ കോരിച്ചൊരിയുന്ന ഇടിവെട്ടും മഴയോടെ തുലാവർഷത്തിന്റെ വരവായി. ഗ്രാമീണ ജനങ്ങൾ മഴക്കാലത്തിനായുള്ള കാത്തിരിപ്പ് തുടങ്ങിക്കഴിഞ്ഞു.
പച്ചക്കറി കൃഷിക്ക് യോജ്യം
ഏറ്റവും നന്നായി പച്ചക്കറി വിളവു ലഭിക്കുന്ന കാലമാണ് മഴക്കാലം. എന്നാൽ മഴക്കാലത്ത് കൃഷി ചെയ്യാനുള്ളത് പ്രത്യേക തരം പച്ചക്കറികളാണ്.
മഴക്കാലത്ത് ഏറ്റവും നന്നായി വളർത്താൻ കഴിയുന്ന പച്ചക്കറിയാണ് വെണ്ട. വെണ്ടയുടെ പ്രധാന ഭീഷണിയായ മഞ്ഞളിപ്പ് രോഗം പരത്തുന്ന വെള്ളീച്ചകൾ മഴക്കാലത്ത് തീരെ കുറവായിരിക്കും. ധാരാളം അയഡിൻ അടങ്ങിയ പോഷക സമൃദ്ധമായ വെണ്ടയ്ക്കക്ക് വിപണിയിൽ നല്ല വിലയും ലഭിക്കാറുണ്ട്.
വെണ്ട കൃഷി
കുഴികളെടുത്ത് മൺകൂനയുണ്ടാക്കിയോ ഗ്രോബാഗുകളിലോ വിത്ത് നടാം. വാരങ്ങളിൽ ചെടികൾ തമ്മിൽ 45 സെമീയും വരികൾ തമ്മിൽ 60 സെമീയും അകലം പാലിക്കണം. നടുന്നതിന് 12 മണിക്കൂർ മുൻപ് വെണ്ട വിത്തുകൾ വെള്ളത്തിൽ കുതിർത്താൻ ശ്രദ്ധിക്കണം. നട്ട് 40 മുതൽ 45 വരെ ദിവസങ്ങൾക്കുള്ളിൽ വെണ്ട പൂവിടുകയും തുടർന്ന് മൂന്നു മാസത്തോളം കായ്ക്കുകയും ചെയ്യും. ചെറിയ തോതിൽ ജൈവവളം അടിവളമായി നൽകിയാൽ മികച്ച വിളവു നൽകുന്ന കൃഷിയാണ് വെണ്ട.
മുളക്
വെണ്ട കഴിഞ്ഞാൽ മുളകാണ് മഴക്കാല കൃഷിയിലെ പ്രധാനി. വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിച്ചാൽ മഴക്കാലത്ത് മുളക് മികച്ച വിളവ് നൽകും. നീരൂറ്റി കുടിക്കുന്ന പ്രാണികൾ മഴക്കാലത്ത് കുറവായിരിക്കുന്നതാണ് ഇതിന് കാരണം. സാധാരണ മുളകിനു പുറമേ കാന്താരി മുളകും വീട്ടിൽ കൃഷി ചെയ്യാം. ഇതിനായി വിത്തുകൾ നേരത്തേ മുളപ്പിച്ചെടുക്കണം. 20- 25 ദിവസം പ്രായമായ തൈകൾ മാറ്റിനടണം. തൈകൾ നട്ട് അമ്പതാം ദിവസം മുതൽ വിളവെടുപ്പ് തുടങ്ങാം. നടുന്ന സമയത്ത് അടിവളമായി ചെടിയൊന്നിന് അരക്കിലോ ജൈവവളം നൽകാൻ മറക്കരുത്.
വഴുതന
വഴുതിനയാണ് മഴക്കാലത്ത് നന്നായി വിളയുന്ന മറ്റൊരു പച്ചക്കറി. വിപണിയിൽ ലഭ്യമായ നിരവധി ഇനം വിത്തുകൾക്കു പുറമേ ധാരാളം നാടൻ വഴുതിന ഇനങ്ങളും വീടുകളിൽ കൃഷി ചെയ്തുവരുന്നു. വിത്തിട്ട് 20 മുതൽ 25 ദിവസംവരെ പ്രായമാകുമ്പോൾ തൈകൾ മാറ്റിനടാവുന്നതാണ്. ചെടികൾ തമ്മിൽ 60 സെന്റീ മീറ്ററും വാരങ്ങൾ തമ്മിൽ 75 സെന്റീ മീറ്ററും ഇടയകലം നൽകണം.
നീർവാർച്ചയുള്ള സ്ഥലങ്ങളിലാണ് വഴുതിന നന്നായി വളരുന്നത്. മാറ്റിനട്ട് 40 മുതൽ 45 വരെ ദിവസങ്ങൾക്കകം വഴുതിനയുടെ വിളവെടുപ്പ് തുടങ്ങാം. ഇവ കൂടാതെ പാവൽ, പയർ തുടങ്ങിയ പച്ചക്കറികളും മഴക്കാലം എത്തുന്നതോടെ കൃഷി ചെയ്യാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |