കൊച്ചി: തിരക്കേറിയ നിരത്തുകളിൽ നിരന്തരം ക്ളച്ച് ചവുട്ടിയും ഗിയർ മാറ്റിയും വലയുന്നവരാണ് വാഹന ഡ്രൈവർമാരിൽ പലരും. ഈ സാഹചര്യങ്ങളിൽ ഏറെ ഉപകാരപ്രദമാണ് ഓട്ടോമാറ്റിക് ഗിയറുകളുള്ള കാറുകൾ. "ക്ളച്ച്" ഇല്ലെന്നതിനാൽ ഇടതുകാൽ എപ്പോഴും 'റെസ്‌റ്റിംഗ്" പൊസിഷനിൽ വയ്ക്കാം!
അടിക്കടി ഗിയർമാറ്റി വലയേണ്ടതുമില്ല. ഗിയർലെസ് സ്‌കൂട്ടറുകൾ കൈകാര്യം ചെയ്യുന്നത് പോലെ അനായാസം ഓടിക്കാം. ഡ്രൈവിംഗ് ലോകത്തേക്ക് ആദ്യമായി ചുവടുവയ്ക്കുന്നവർക്കും ഏറെ എളുപ്പം കൈകാര്യം ചെയ്യാവുന്നവയുമാണിവ. മുൻകാലങ്ങളിൽ വിലയേറിയ കാറുകളിലാണ് ഓട്ടോമാറ്റിക് ഗിയർ ബോക്‌സുകൾ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ, എൻട്രി-ലെവൽ മോഡലുകളിൽപ്പോലും ഇവ കാണാം.
വില കുറഞ്ഞ, എന്നാൽ മികവുകളാൽ സമ്പന്നമായ ഒട്ടേറെ മോഡലുകൾ ഇപ്പോൾ നിരത്തുകളിലുണ്ട്. അവയിൽ ഏറെ ജനശ്രദ്ധ നേടിയ മോഡലുകളുടെ വിശേഷങ്ങൾ അറിയാം:-
റെനോ ക്വിഡ്
വിപണിയിലെത്തി അതിവേഗം തരംഗമായി മാറിയ മോഡലാണ് റെനോയുടെ 'ഫാമിലി കാർ" ആയ ക്വിഡ്. എസ്.യു.വി ശൈലിയിലെ, കൗതുക രൂപകല്‌പനയാണ് ഏറെ ശ്രദ്ധേയം. 4.48 ലക്ഷം രൂപയാണ് ഓട്ടോമാറ്റിക് പതിപ്പിന് വില. 1-ലിറ്റർ എൻജിനൊപ്പം 5-സ്‌പീഡ് എ.എം.ടി ഗിയർ ബോക്‌സാണുള്ളത്.
മാരുതി എസ്-പ്രസോ
എസ്.യു.വി ശൈലിയിൽ മാരുതി ഒരുക്കിയ മോഡലാണ് എസ്-പ്രസോ. വില 4.75 ലക്ഷം രൂപ മുതൽ. 1-ലിറ്റർ എൻജിനൊപ്പം 5-സ്‌പീഡ് എ.എം.ടി ഗിയർ ബോക്‌സ് നൽകിയിരിക്കുന്നു.
ഡാറ്റ്സൺ റെഡി-ഗോ
റെഡി-ഗോയ്ക്ക് മൂന്നു എൻജിൻ ഓപ്‌ഷനുകളുണ്ട്. എന്നാൽ, ഒരു ലിറ്റർ എൻജിനൊപ്പമാണ് 5-സ്‌പീഡ് എ.എം.ടി ഗിയർ ബോക്‌സുള്ളത്. ടോപ് എൻഡ് പതിപ്പാണിത്. വില 4.77 ലക്ഷം രൂപ.
മാരുതി ഇഗ്‌നിസ്
മാരുതിയുടെ നെക്‌സ ഡീലർഷിപ്പുകളിലെ ഏറ്റവും 'അഫോർഡബിൾ" മോഡലാണ് ഇഗ്‌നിസ്. സ്‌റ്റൈലിഷ് രൂപകല്‌പനയാണ് പ്രധാന ആകർഷണം. 5-സ്‌പീഡ് എ.എം.ടി ഗിയർ ബോക്‌സാണുള്ളത്. 6.13 ലക്ഷം രൂപയാണ് വില.
ടാറ്റാ ടിയാഗോ
ടാറ്റയുടെ സമീപകാലത്തെ ഏറ്റവും ജനപ്രിയമായ മോഡലാണ് ടാറ്റാ ടിയാഗോ. ആഗോള ക്രാഷ് ടെസ്‌റ്റിൽ ഗ്ളോബൽ എൻ.സി.എ.പിയുടെ 4-സ്‌റ്റാർ റേറ്റിംഗ് നേടി സുരക്ഷയിലും മുൻപന്തിയിലാണ് ടിയാഗോ. 1.2 ലിറ്റർ എൻജിനാണ് ഈ ഹാച്ച്‌ബാക്കിനുള്ളത്. ഒപ്പം 5-സ്‌പീഡ് എ.എം.ടി ഗിയർ ബോക്‌സും. വില 6.33 ലക്ഷം രൂപ മുതൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |