ശബരിമല : ശരണമന്ത്രങ്ങളുമായി കാത്തുനിന്ന ഭക്തലക്ഷങ്ങൾക്ക് ദർശന പുണ്യമേകി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ശ്രീകോവിലിൽ തിരുവാഭരണ വിഭൂഷിതനായ കാനനവാസന് ദീപാരാധന നടക്കുമ്പോൾ, സന്ധ്യയ്ക്കു 6.36 നാണ് കിഴക്കു പൊന്നമ്പലമേട്ടിൽ ജ്യോതി തെളിഞ്ഞത്. ഒപ്പം മാനത്ത് ദിവ്യജ്യോതിയും.
നിമിഷങ്ങളുടെ വ്യത്യാസത്തിൽ രണ്ടു തവണ കൂടി ജ്യോതി മിന്നിത്തെളിഞ്ഞതോടെ പൂങ്കാവനം ഭക്തിപാരവശ്യത്തിന്റെ കൊടുമുടിയേറി. ഇൗ സമയം അഭൂതപൂർവമായ ഭക്തജനത്തിരക്കിനാണ് സന്നിധാനവും പരിസരവും സാക്ഷ്യം വഹിച്ചത്. പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ഇന്നലെ വൈകിട്ട് അഞ്ചരയോടെ ശരംകുത്തിയിലെത്തി. സന്നിധാനത്ത് നിന്ന് പൂജിച്ചു നൽകിയ മാലയുമായി ദേവസ്വം എക്സിക്യൂട്ടിവ് ഒാഫീസർ ഡി. സുധീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും അയ്യപ്പസേവാസംഘം വോളന്റിയർമാരും സ്വീകരിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയിൽ ഘോഷയാത്ര പതിനെട്ടാംപടി കയറി സന്നിധാനത്ത് എത്തിയപ്പോൾ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, പ്രസിഡന്റ് എ. പത്മകുമാർ, മെമ്പർമാരായ കെ.പി. ശങ്കരദാസ്, അഡ്വ. എൻ. വിജയകുമാർ, ദേവസ്വം കമ്മിഷണർ എൻ. വാസു, നിരീക്ഷക സമിതി അംഗങ്ങളായ പി.ആർ. രാമൻ, എസ്. സിരിജഗൻ, എ. ഹേമചന്ദ്രൻ, ശബരിമല സ്പെഷ്യൽ കമ്മിഷണർ എം. മനോജ്, ദേവസ്വം വിജിലൻസ് എസ്.പി പി. ബിജോയ് എന്നിവർ ചേർന്ന് സ്വീകരിച്ച് സോപാനത്തേക്ക് ആനയിച്ചു. തന്ത്രി കണ്ഠരര് രാജീവര്, മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരി എന്നിവർ ചേർന്ന് തിരുവാഭരണങ്ങൾ ഏറ്റുവാങ്ങി ശ്രീകോവിലിലേക്ക് മാറ്റി. വിഗ്രഹത്തിൽ തിരുവാഭരണങ്ങൾ അണിയിച്ച് ദീപാരാധനയ്ക്കായി നടതുറന്നതിന് തൊട്ടുപിന്നാലെയാണ് മകരജ്യോതി തെളിഞ്ഞത്. തുടർന്ന് തിരുവാഭരണങ്ങൾ അണിഞ്ഞ ഭഗവാനെ കാണാനുള്ള തിരക്കായിരുന്നു. രാത്രി 7.40 ഒാടെ മകരസംക്രമ പൂജയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. തിരുവാഭരണങ്ങൾ അഴിച്ചുമാറ്റി തന്ത്രിയുടെ കാർമ്മികത്വത്തിൽ സംക്രമപൂജ നടത്തി. കവടിയാർ കൊട്ടാരത്തിൽ നിന്ന് കൊണ്ടുവന്ന നെയ്യ് വിഗ്രഹത്തിൽ അഭിഷേകം ചെയ്തു.
മകരവിളക്ക് ചടങ്ങുകൾ പൂർത്തിയാക്കി 20ന് രാവിലെ 7ന് നടഅടയ്ക്കും. 19 വരെ ഭക്തർക്ക് ദർശനം ഉണ്ടാകും. 18 വരെയേ നെയ്യഭിഷേകമുള്ളു. തിരുവാഭരണത്തോടൊപ്പമെത്തി പമ്പയിൽ തങ്ങുന്ന രാജപ്രതിനിധി മൂലംതിരുനാൾ പി. രാഘവവർമ്മ രാജ നാളെ വൈകിട്ട് ശബരിമലയിൽ എത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |