മുംബയ്: സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസിൽ അറസ്റ്റിലായ നടി റിയ ചക്രവർത്തി, ലഹരിമരുന്ന് ഉപയോഗിക്കുന്ന ബോളിവുഡിലെ 25 പ്രമുഖരുടെ പേരുകൾ വെളിപ്പെടുത്തിയതായി റിപ്പോർട്ട്.
റിയയും സഹോദരൻ ഷോവിക്കും വെളിപ്പെടുത്തിയ ‘ബോളിവുഡിലെ ഉന്നത സെലിബ്രിറ്റികളെ’ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് വിവരം. ഇവരുടെ പട്ടിക തയ്യാറാക്കുകയാണ്. എ, ബി, സി എന്നിങ്ങനെ മൂന്ന് കാറ്റഗറിയിലാണ് പട്ടികയിലുള്ള 25 സെലിബ്രിറ്റികളെ വിഭജിച്ചിരിക്കുന്നതെന്ന് എൻ.സി.ബിയിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മറ്റൊരു ലഹരിമരുന്ന് ഇടപാടുകാരനിൽ നിന്നു ലഭിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിച്ചതിൽ നിന്ന് റിയയുടെ വെളിപ്പെടുത്തലിനെ സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ട്. നേരത്തെയും ഇതു സംബന്ധിച്ച സൂചനകൾ ലഭിച്ചിരുന്നു.
2018ൽ അഭിഷേക് കപൂർ സംവിധാനം ചെയ്ത കേദാർനാഥ് എന്ന സുശാന്ത് ചിത്രത്തിന്റെ സെറ്റിൽ വച്ച് ലഹരിമരുന്ന് കഴിച്ചിട്ടുണ്ടെന്നും മരിജുവാന ഉപയോഗിച്ചിട്ടുണ്ടെന്നും റിയ കുറ്റസമ്മതം നടത്തിയിരുന്നു.
എന്നാൽ ഇത്തരം നിരോധിത വസ്തുക്കൾ റിയ ഉപയോഗിച്ചിട്ടേയില്ലെന്നും പരിശോധനയ്ക്ക് തയ്യാറാണെന്നുമാണ് അഭിഭാഷകൻ നേരത്തേ പറഞ്ഞിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |