തിരുവനന്തപുരം :നെൽ കൃഷി ചെയ്യാവുന്ന നെൽവയലുകൾ രൂപമാറ്റം വരുത്താതെ കൃഷിക്ക് തയ്യാറാക്കുന്ന ഉടമകൾക്ക് ഓരോ വർഷവും ഹെക്ടറിന് 2000 രൂപ നിരക്കിൽ റോയൽറ്റി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു.
നിലവിൽ നെൽകൃഷി ചെയ്യുന്ന ഭൂഉടമകൾ റോയൽറ്റിക്ക് അർഹരാണ്. നെൽവയലുകളുടെ അടിസ്ഥാന സ്വഭാവവ്യതിയാനം വരുത്താതെ പയർ വർഗങ്ങൾ,പച്ചക്കറികൾ ,എള്ള് ,നിലക്കടല തുടങ്ങിയ ഹ്രസ്വകാല വിളകൾ കൃഷി ചെയ്യുന്ന നിലം ഉടമകൾക്കും റോയൽറ്റിക്ക് അർഹത ഉണ്ടായിരിക്കും.നെൽ വയലുകൾ തരിശായി ഇട്ടിരിക്കുന്ന ഭൂവുടമകൾ സ്വന്തമായോ,മറ്റു കർഷകർ, ഏജൻസികൾ മുഖേനയോ നെൽകൃഷിക്കായി ഭൂമി ഉപയോഗപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തിൽ റോയൽറ്റി അനുവദിക്കും.എന്നാൽ ഭൂമി മൂന്നുവർഷം തുടർച്ചയായി തരിശായി കിടന്നാൽ പിന്നീട് റോയൽറ്റിക്ക് അർഹത ഉണ്ടാകില്ല.വീണ്ടും കൃഷി ആരംഭിക്കുന്ന മുറയ്ക്ക് റോയൽറ്റി കിട്ടും.
ഇതോടെ, ഇടതു സർക്കാരിന്റെ പ്രകടന പത്രികയിലെ ഒരു വാഗ്ദ്ധാനം കൂടി നിറവേറ്റുകയാണെന്ന് മന്ത്രി വി.എസ് .സുനിൽകുമാർ പറഞ്ഞു.
അപേക്ഷ സമർപ്പിക്കേണ്ടത്
റോയൽറ്റിക്കുള്ള അപേക്ഷകൾ www.aims.kerala.gov.in എന്ന പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കണം. കൃഷിക്കാർക്ക് വ്യക്തിഗത ലോഗിൻ ഉപയോഗിച്ച് സ്വന്തമായോ അക്ഷയകേന്ദ്രം വഴി ഓൺലൈനായി അപേക്ഷിക്കാം . കരമടച്ച രസീത്, ആധാർ അല്ലെങ്കിൽ മറ്റേതെങ്കിലും തിരിച്ചറിയൽ രേഖ ,ബാങ്ക് അക്കൗണ്ട് നമ്പർ എന്നീ രേഖകളും അപ്‌ലോഡ് ചെയ്യണം. അപേക്ഷകളുടെ അടിസ്ഥാനത്തിൽ കൃഷി ചെയ്യാവുന്ന നെൽവയലുകളുടെ പരിശോധനയും അപ്‌ലോഡ് ചെയ്ത രേഖകളുടെ ഓൺലൈൻ പരിശോധനയും അധികൃതർ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |