കാട്ടിക്കുളം: അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തിൽ വലിയ മുന്നേറ്റവുമായി തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാട്ടിക്കുളം ഗവ: ഹയർസെക്കൻഡറി സ്‌കൂൾ. ഹയർസെക്കണ്ടറി വിഭാഗത്തിന് മാത്രമായി രണ്ട് കോടി രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടമാണ് ഒരുങ്ങുന്നത്. പ്രവൃത്തി ഈ മാസം പൂർത്തിയാകും.
കിഫ്ബി ധനസഹായത്തോടെ 3 കോടി രൂപ ചെലവഴിച്ചുള്ള വികസന പ്രവർത്തനങ്ങൾക്കും അടുത്ത ആഴ്ച തുടക്കമാവും. കൈറ്റ് തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ പ്രകാരം 3 കോടി 64 ലക്ഷം രൂപയാണ് വേണ്ടിവരിക. 3 കോടി രൂപ കിഫ്ബി അനുവദിക്കുകയും ബാക്കി 64 ലക്ഷം രൂപ ഒ.ആർ.കേളു എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിക്കുകയും ചെയ്തു.
ത്രിതല പഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥലം സ്വന്തമായി വാങ്ങാനും ഈ സ്‌കൂളിന് സാധിച്ചു.
1735 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. ഇതിൽ 365 പേർ ഹയർസെക്കൻഡറി വിഭാഗത്തിലാണ്. ഏറ്റവും കൂടുതൽ പട്ടിക വർഗക്കാരുള്ള ജില്ലയിലെ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഈ സർക്കാർ വിദ്യാലയത്തിന്റെ മുന്നേറ്റം ഗോത്രവർഗ വിദ്യാർത്ഥികൾക്ക് ഏറെ സഹായകമാവും. മാനന്തവാടി എം.എൽ.എ ഒ.ആർ.കേളു പഠിച്ച വിദ്യാലയം കൂടിയായ കാട്ടിക്കുളം സ്‌കൂൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൈവരിക്കുന്ന നേട്ടങ്ങളുടെ സന്തോഷത്തിലാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും നാട്ടുകാരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |