കൊച്ചി: കഞ്ചാവ് തഴച്ചുവളരുന്ന ആന്ധ്രയിലെ പാടങ്ങള്‍ക്ക് കാവല്‍, തോക്കേന്തിയ മാവോയിസ്റ്റുകളാണ്. വിശാഖപട്ടണത്തിന്റെ പ്രാന്തപ്രദേശങ്ങളായ നരസിപ്പട്ടണം, ചിന്തപ്പള്ളി, പാടേരു മേഖലകളില്‍ ഏക്കര്‍ കണക്കിന് കഞ്ചാവുതോട്ടങ്ങള്‍. അമ്പതിനായിരം ഏക്കറിലേറെ വലിപ്പമുള്ള കഞ്ചാവു തോട്ടങ്ങളുണ്ടിവിടെ. എക്‌സൈസിനും പൊലീസിനുമൊന്നും അടുക്കാനാവില്ല. വല്ലപ്പോഴും പേരിനു കുറേ കഞ്ചാവുചെടികള്‍ വെട്ടിനശിപ്പിക്കും. രേഖകളില്‍ റെയ്ഡ് നടത്തിയെന്ന് വരുത്താനാണ്. അതും ഇരുനൂറ് സി.ആര്‍.പി.എഫ് ഭടന്മാരുടെ സുരക്ഷയില്‍. കുറേ ആദിവാസികള്‍ പിടിയിലാവുകയും ചെയ്യും. മാവോയിസ്റ്റുകളുടെ വലിയ വരുമാന മാര്‍ഗം കൂടിയാണ് ഈ ലഹരികൃഷി.
മാവോയിസ്റ്റ് മേഖലകളിലെ എക്‌സൈസ് ഓഫീസുകളില്‍ ജോലി ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഭയമാണ്. പ്രദേശവാസികളെ താത്കാലിക ജീവനക്കാരാക്കിയാണ് അവിടുത്തെ എക്‌സൈസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നത്. വാറ്റുകാരെ പിടിക്കുകയാണ് പ്രധാന പണി. പാടേരു എന്ന സ്ഥലത്താണ് മാവോയിസ്റ്റുകളുടെ തോട്ടങ്ങളേറെയുള്ളത്. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമൊക്കെ വാഹനങ്ങളെത്തും. ലോഡ് കയറ്റി സുരക്ഷിതമായി വിശാഖപട്ടണത്ത് എത്തിക്കും. അല്ലെങ്കില്‍ മൊത്തക്കച്ചവടക്കാരനായ പഞ്ചാബുകാരന്‍ രാജുഭായിക്ക് ലോഡ് കൈമാറും. ഇയാള്‍ മൈസൂരിലെ കേന്ദ്രത്തിലെത്തിച്ച ശേഷം വിവിധ സംസ്ഥാനങ്ങളിലേക്ക് കയറ്റിവിടും.
എല്‍.എസ്.ഡി ലഹരി
സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ അടിമകളാക്കുന്ന ലഹരിയാണ് എല്‍.എസ്.ഡി. ലൈസര്‍ജിക് ആസിഡ് ഡൈ ഈഥൈന്‍ അമൈഡ് എന്ന മയക്കുമരുന്നിന്റെ ചുരുക്കപ്പേരാണ് എല്‍.എസ്.ഡി. നാവില്‍ ഒട്ടിക്കുന്ന സ്റ്റിക്കറായും ക്രിസ്റ്റല്‍ രൂപത്തിലുമെല്ലാം ഈ രാസലഹരി ലഭിക്കുന്നുണ്ട്. എട്ടുമുതല്‍ 12 മണിക്കൂര്‍ വരെ ലഹരി കിട്ടുമെന്നതാണ് എല്‍.എസ്.ഡിക്ക് ഡിമാന്റ് കൂട്ടിയത്. 100 എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി മൂന്ന് യുവാക്കളെ അടുത്തിടെ തിരുവനന്തപുരം ജനറല്‍ ആശുപത്രിക്കടുത്ത് നിന്ന് പിടികൂടിയിരുന്നു. ഇതിന് മൂന്നുലക്ഷം വിലവരും. ഇതിന്റെ നാലിരട്ടി ഈടാക്കിയാണ് വില്പന. എല്‍.എസ്.ഡി ഇപ്പോള്‍ കേരളത്തില്‍ സുലഭമാണ്.
ഒരു അമ്മയുടെ വിലാപം
യാതൊരു പരിചയവുമില്ലാത്ത ഒരു സ്ത്രീയുടെ കോള്‍ എത്തിയത് മദ്ധ്യകേരളത്തിലെ ഒരു എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ക്കാണ്. എന്താ കാര്യമെന്ന് ചോദിച്ചതോടെ ഒരു ലഹരിക്കടത്തിന്റെ രഹസ്യ വിവരങ്ങളാണ് അവര്‍ കൈമാറിയത്. സര്‍, ഇവിടെ നിന്ന് ഒരു സംഘം യുവാക്കള്‍ കഞ്ചാവ് വാങ്ങാനായി കോയമ്പത്തൂര്‍ക്ക് പുറപ്പെട്ടിട്ടുണ്ട്. അടുത്ത ദിവസം അവര്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റില്‍ മടങ്ങി വരുമെന്നാണ് വിവരം. ഡെപ്യൂട്ടി കമ്മിഷണര്‍ സ്വാഭാവികമായി മറു ചോദ്യം ഉന്നയിച്ചു. നിങ്ങള്‍ക്ക് എങ്ങനെ വ്യക്തമായി കാര്യങ്ങള്‍ അറിയാം. സര്‍, എന്റെ മകന്റെ കൂട്ടുകാരാണ് അവര്‍. മകനും ആ സംഘത്തിനൊപ്പം ഉണ്ടോ എന്ന ഡെപ്യൂട്ടി കമ്മിഷണറുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി.
പിന്നീട് ആ വീട്ടമ്മ പൊട്ടികരയുകയായിരുന്നു. സര്‍, ഭര്‍ത്താവ് ഗള്‍ഫിലാണ്. ജോലിയുണ്ടെങ്കിലും സാമ്പത്തികമായി കുറെ പ്രശ്നങ്ങളുണ്ട്. ഇളയ മകളെ മറ്റൊരു സ്ഥലത്ത് പഠിക്കാനായി നിറുത്തിയിരിക്കുകയാണ്. എനിക്കൊപ്പം മകന്‍ മാത്രമാണ് ഉള്ളത്. ഓരോ രാത്രികളും തള്ളി നീക്കുന്നത് എങ്ങനെയെന്ന് എനിക്കേ അറിയൂ. അത്രയ്ക്ക് ഭയചകിതമാണ് ജീവിതം. കൂട്ടുകിടക്കുന്ന അവന് ഒപ്പം രാത്രിയില്‍ കഴിയുക ഭയമാണെന്ന് ആ അമ്മ തുറന്നു പറഞ്ഞു. കരച്ചില്‍ അവസാനിപ്പിക്കാനാവാത്ത അവരെ സമാശ്വസിപ്പിച്ച് ഡെപ്യൂട്ടി കമ്മിഷണറുടെ സംഘം റെയ്ഡിന് പുറപ്പെട്ടു. ആ അഞ്ചംഗ സംഘത്തെ ബസ് സ്റ്റേഷനില്‍ നിന്ന് പിടികൂടി. ഫോണ്‍ ചെയ്ത സ്ത്രീയുടെ മകനെ കൗണ്‍സിലിംഗ് സെന്ററിലാക്കിയാണ് എക്‌സൈസിന്റെ ദൗത്യം പൂര്‍ത്തിയായത്.
മൂര്‍ഖന്‍ ഷാജി
മദ്ധ്യകേരളത്തില്‍ കഞ്ചാവിന്റെ കിംഗാണ് ഇടുക്കി സ്വദേശിയായ മൂര്‍ഖന്‍ ഷാജി. ഒരിക്കല്‍ ഒരു എക്സൈസ് ഇന്‍സ്പെക്ടര്‍ ഷാജിക്കെതിരെ കഞ്ചാവ് കേസ് രജിസ്റ്റര്‍ ചെയ്തു. ഷാജിയുടെ പകപോക്കല്‍ ഭീകരമായിരുന്നു. ഉദ്യോഗസ്ഥന്റെ വീട്ടില്‍ മദ്യവും പണവും വച്ച് വിജിലന്‍സിനെ കൊണ്ട് കേസെടുപ്പിച്ചു. ഉദ്യോഗസ്ഥനെ ആദ്യം സസ്പെന്‍ഡ് ചെയ്തു. പിന്നീട് സര്‍വീസില്‍ നിന്ന് പുറത്താക്കി. ഇതിനെതിരെ ഇന്‍സ്പെക്ടര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. മൂര്‍ഖന്‍ ഷാജിക്കെതിരെ കേസെടുക്കാന്‍ പൊലീസും എക്സൈസും ഭയപ്പെട്ട സമയം. അതിനിടയിലാണ് ഹാഷിഷ് ഓയില്‍ കേസില്‍ ഷാജിക്കെതിരെ തിരുവനന്തപുരത്ത് കേസെടുത്തത്. ഇന്‍സ്പെക്ടറും ഭാര്യയും മക്കളും അന്നത്തെ എക്സൈസ് കമ്മിഷണര്‍ ഋഷിരാജ്‌സിംഗിനെ നേരിട്ട് കണ്ട് ഷാജിയുടെ പീഡന വിവരങ്ങള്‍ അറിയിച്ചു. അന്വേഷണത്തില്‍ കാര്യങ്ങള്‍ സത്യമാണെന്ന് ബോദ്ധ്യപ്പെട്ടതോടെ ഹൈക്കോടതിയിലെ കേസില്‍ ഋഷിരാജ് സിംഗ് നിയമപരമായ സഹായങ്ങള്‍ ചെയ്തു. കേസില്‍ നിന്ന് കുറ്റവിമുക്തനാക്കിയതോടെ ഇന്‍സ്പെക്ടറെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. ഇപ്പോള്‍ കൊച്ചിയില്‍ സി.ഐയാണ്. മൂര്‍ഖന്‍ ഷാജി ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയെങ്കിലും എക്സൈസ് വകുപ്പിന്റെ അപ്പീലില്‍ സുപ്രീം കോടതി ജാമ്യം റദ്ദാക്കി. ഷാജി ഇപ്പോഴും ഒളിവിലാണ്.
ക്ലാസിലെ 14 പേര്‍ മരുന്നടിക്കും
തൃശൂരിലെ പ്രശസ്തമായ കലാലയം. കഞ്ചാവ് വലിക്കുകയും വിപണനം ചെയ്തതുമായി ബന്ധപ്പെട്ട് 19 കാരനെ എക്സൈസ് പിടികൂടി. ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. പയ്യനെ അനുനയിപ്പിച്ച് കാര്യങ്ങള്‍ ചോര്‍ത്തിയെടുക്കുകയായിരുന്നു ഉദ്യോഗസ്ഥന്റെ ലക്ഷ്യം. അവനുമായി കമ്പനിയായതോടെ കാര്യങ്ങള്‍ തത്ത പറയുന്നതു പോലെ പുറത്തേക്ക്. സര്‍, എന്റെ ക്ലാസില്‍ 14 പേര് കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കും. മൂന്നു പേര്‍ പെണ്‍കുട്ടികളും 11 പേര്‍ ആണ്‍കുട്ടികളുമാണ്. കോളേജിലെ 70 ശതമാനം പേരും ലഹരി ഉപയോഗിക്കുന്നവരാണ്. ഹോസ്റ്റലുകളില്‍ നിരക്ക് 90 ശതമാനമാകും. തരിച്ചിരുന്ന ഡെപ്യൂട്ടി കമ്മിഷണര്‍ അവനോട് ചോദിച്ചു. നിനക്ക് ഇതില്‍ നിന്ന് മുക്തനാകേണ്ടേ. ആകണമെന്നുണ്ടെങ്കിലും നടക്കുന്നില്ലെന്നായിരുന്നു മറുപടി. ആ ഡെപ്യൂട്ടി കമ്മിഷണര്‍ അവനെ മകനെപ്പോലെ കണ്ട് വീട്ടില്‍ കൊണ്ടുപോയി. കൗണ്‍സലിംഗിന് വിധേയനാക്കി. ലഹരിയില്‍ നിന്ന് മുക്തനായ പയ്യന്‍ എല്ലാ ദിവസവും ഡെപ്യൂട്ടി കമ്മിഷണറെ വിളിക്കും. പ്രശസ്തമായ സ്വകാര്യ സ്ഥാപനത്തില്‍ ജോലിയും ലഭിച്ചതോടെ പയ്യന്റെ വിവാഹവും ഉറപ്പിച്ചെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ സന്തോഷത്തോടെ പറഞ്ഞു.
അരുംകൊലകള്‍
വ്യക്തിവൈരാഗ്യങ്ങളും ബിസിനസ് വൈരങ്ങളും തുടങ്ങി കുടിപ്പകയും രാഷ്ട്രീയ വിദ്വേഷങ്ങളും വരെ തീര്‍ക്കാന്‍ ഗുണ്ടാസംഘങ്ങളെ ഉപയോഗപ്പെടുത്തുന്നത് വ്യാപകമായതോടെയാണ് ലഹരിക്കച്ചവടവും വര്‍ദ്ധിച്ചത്. അമിതമായി പലതരം ലഹരിവസ്തുക്കള്‍ നല്‍കി ചെറുപ്പക്കാരെ ചെകുത്താന്മാരാക്കിയാണ് അരുംകൊലകള്‍ ചെയ്യാന്‍ തള്ളിവിടുന്നത്. തലസ്ഥാനത്തുണ്ടായ അരുംകൊലകളിലെല്ലാം മയക്കുമരുന്ന് മാഫിയയുടെ കരങ്ങളുണ്ടായിരുന്നു. നിരവധി ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ ലഹരിക്ക് അടിമകളായ കുട്ടികളുമുണ്ട്. ഫ്ലാറ്റുകളിലും ഹോട്ടലുകളിലും വിദ്യാര്‍ത്ഥിനികളടക്കം പങ്കെടുക്കുന്ന ലഹരിപാര്‍ട്ടികള്‍ സജീവമാണ്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ ഫ്ലാറ്റുകളില്‍ തമ്പടിച്ച് ലഹരിയുപയോഗിക്കുന്നതും പതിവ്. കഞ്ചാവ് ലേഹ്യവും തലസ്ഥാനത്ത് സുലഭമാണ്. ലഹരിവ്യാപാരത്തിന് മെട്രോനഗരമായ കൊച്ചിയെക്കാള്‍ വലിയ ശൃംഖലയാണ് തലസ്ഥാനത്തുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |