കിളിമാനൂർ: നീണ്ട ഇടവേളയ്ക്കു ശേഷം ഡ്രൈവിംഗ് സ്കൂളുകളുടെ പ്രവർത്തനത്തിന് പച്ചലൈറ്റ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സ്ഥാപനങ്ങളുടെ പ്രവർത്തനം വീണ്ടും ആരംഭിക്കുന്നത്. കഴിഞ്ഞ ആറുമാസമായി വരുമാനമില്ലാത്ത പട്ടിണിയുടെ വക്കിലായ ഇവർക്ക് ഏറെ ആശ്വാസമാണ് പുതിയ തീരുമാനം. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ വന്നതോടെ പല അദ്ധ്യാപകരും മറ്ര് ജോലികൾക്ക് പോയാണ് കുടുംബം പുലർത്തിയിരുന്നത്. എന്നാൽ കടം വാങ്ങിയും ലോണെടുത്തും സ്ഥാപനങ്ങൾ തുടങ്ങുകയും വാഹനങ്ങൾ വാങ്ങുകയും ചെയ്തവരാണ് ഏറെ വലഞ്ഞത്. ലോണടയ്ക്കാൻ കഴിയാതെ പലരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. നിരത്തിലറങ്ങാൻ കഴിയാതായതോടെ വാഹനങ്ങൾക്ക് കേടുപാടുകളുമുണ്ടായി. മറ്ര് പല മേഖലകൾക്കും ഇളവ് ലഭിച്ചപ്പോഴും ഡ്രൈവിംഗ് സ്കൂളുകളെ മാത്രം അധികൃതർ പരിഗണിച്ചില്ല. നിലവിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് പുതിയ ഇളവുകൾ സഹായകമാകുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. എന്നാൽ ഇതിന് എത്രകാലം വേണ്ടിവരുമെന്ന ആശങ്കയും വാഹനങ്ങളുടെ തകരാർ പരിഹരിക്കാൻ പണമില്ലാത്തതും പ്രധാന വെല്ലുവിളിയാണ്.
നഷ്ടം ലക്ഷങ്ങൾ
ഡ്രൈവിംഗ് പരിശീലനത്തിന് ആശാന്മാരോടൊപ്പം വനിതകളുമുണ്ട്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഡ്രൈവിംഗ് പരിശീലിപ്പിക്കാൻ നിരവധി വനിതകളാണ് മുന്നോട്ടുവന്നത്. കുടുംബശ്രീ വഴിയാണ് പലരും സ്ഥാപനങ്ങൾ തുടങ്ങിയത്. ഇവരുടെ പ്രതീക്ഷകൾ തകിടം മറിച്ചാണ് കൊവിഡ് മഹാമാരി കടന്നെത്തിയത്. വാഹനങ്ങളുടെ കേടുപാട്, ഇൻഷ്വറൻസ്, ടാക്‌സ്, ഓഫീസ് വാടക എന്നിവയ്ക്കായി വലിയ തുകയാണ് സ്ഥാപനങ്ങൾക്ക് ചെലവ്. ക്ഷേമനിധിയിൽ അംഗങ്ങളായവർക്ക് സർക്കാരിൽ നിന്ന് 1000രൂപ ലഭിച്ചത് മാത്രമാണ് ഏക ആശ്വാസം. എന്നാൽ സ്ഥാപനങ്ങളുടെ നഷ്ടം നികത്താൻ ഇതൊന്നും മതിയാകില്ല.
സ്ഥാപനങ്ങൾ ശ്രദ്ധിക്കാൻ
01. പരിശീലനത്തിന് സാമൂഹിക അകലം വേണം
02. മുൻഗണന നേരത്തെ ലേണേഴ്സ് കിട്ടിയവർക്ക്
03. ടെസ്റ്രിൽ പരാജയപ്പെട്ടവർക്കും പങ്കെടുക്കാം
04. കണ്ടെയ്ൻമെന്റ് സോണിലുള്ളവർക്ക് അവസരമില്ല
05. രോഗ ലക്ഷണമുള്ളവരും മാറി നിൽക്കണം
06. വാഹനങ്ങളിൽ എ.സി പാടില്ല
07. ഫേസ് ഷീൽഡും മാസ്കും നിർബന്ധം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |