തിരുവനന്തപുരം: ഏഴാം ക്ലാസുകാരിയുടെ മനസിൽ പൂവിട്ട ആ കൗതുകം തന്റെ ജീവിതം തന്നെ മാറ്റിമറിക്കുമെന്ന് കോഴിക്കോട് പേരാമ്പ്ര സ്വദേശിനി വൈഷ്ണ ഒരിക്കലും കരുതിയില്ല. പത്രപ്രവർത്തകയായ വൈഷ്ണ ലോക്ക് ഡൗണിൽ ജോലി നഷ്ടമായതോടെയാണ്, വർണ നൂലുകളിലൂടെ ജീവിതം തിരിച്ചുപിടിക്കാൻ ഒരുങ്ങിയത്. കുടുംബത്തിന്റെ ആകെ വരുമാനമായിരുന്ന പിതാവ് സുരേഷിന്റെ കൂലിപ്പണിയും മുടങ്ങിയതോടെ, ബാല്യത്തിലെ ആശയം ഈ 24കാരി പൊടിതട്ടിയെടുത്തു.കൈയിലുണ്ടായിരുന്ന പണത്തിന് വർണനൂലുകൾ വാങ്ങി. കർട്ടനും ചവിട്ടിയും ബെഡ് ഷീറ്റും നിർമ്മിച്ച് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകി. പരീക്ഷണം ഹിറ്റായതോടെ ഉത്പന്നങ്ങൾക്കെല്ലാം നല്ല വില കിട്ടിത്തുടങ്ങി. നിർമ്മിക്കുന്ന ഉത്പന്നങ്ങളുടെ ചിത്രം വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലുമടക്കം ചിത്രങ്ങളെത്തിയതോടെ, സുഹൃത്തുക്കൾക്കു പുറമെ, ദൂരെ നിന്നും ആവശ്യക്കാരെത്തി. പേരാമ്പ്രയിൽ നിന്ന് കച്ചവടം മറ്റു ജില്ലകളിലേക്കും വ്യാപിച്ചു. കർട്ടൻ, ചവിട്ടി, വാൾ-ഡോർ ഹാംഗിംഗ്, പൂക്കൂട, ഡ്രീം കാച്ചർ, ടൗവ്വൽ, പാദസരം തുടങ്ങി ഇരുപതോളം ഉത്പന്നങ്ങളാണ് നിർമ്മിക്കുന്നത്. ചാക്ക് നൂൽ, വുളൻ നൂൽ, എംബ്രോഡറി നൂൽ, സാധാ നൂൽ എന്നിവയാണ് നിർമ്മാണ സാമഗ്രികൾ. ഇപ്പോൾ മുള ഉത്പന്നങ്ങളുടെ പണിപ്പുരയിലാണ് വൈഷ്ണ. മാതാവ് ബിന്ദു വീട്ടമ്മ. അനുജൻ വിഷ്ണു ഹോംനഴ്സും.
ആദ്യം സാധനം, പിന്നെ പണം
ക്വറിയറിലൂടെയാണ് ഉത്പന്നങ്ങൾ ആവശ്യക്കാർക്കെത്തിക്കുന്നത്. സാധനം കിട്ടിയ ശേഷം പണം വാങ്ങുന്നതാണ് രീതി. 40 മുതൽ 2000 രൂപ വരെയുള്ള ഉത്പന്നങ്ങളാണ് ഓർഡറനുസരിച്ച് നിർമ്മിക്കുന്നത്. ഒരു മാസം പിന്നിട്ടപ്പോൾ ചെലവെല്ലാം കഴിഞ്ഞ് അയ്യായിരം രൂപ ലാഭം.ബെഡ് ഷീറ്റും കർട്ടനുമൊക്കെ നിർമ്മിക്കാൻ രണ്ടു ദിവസമെടുക്കും. പുതിയൊരു ഷോപ്പ് തുടങ്ങണമെന്ന് ആഗ്രഹമുണ്ട്. കുടുംബമാണ് ഫുൾ സപ്പോർട്ട്. ഇനി ജേർണലിസം ഫീൽഡിലേക്കില്ലെന്നും വൈഷ്ണ പറയുന്നു.
ചവിട്ടി നിർമ്മാണം സിമ്പിൾ
1. കുറച്ച് ചാക്ക് നൂൽ കൈയിൽ ചെറുതായി ചുറ്റുക
2. ചുറ്റിയ നൂലിന് നടുവിൽ മുറുക്കിക്കെട്ടിയ ശേഷം രണ്ടു അഗ്രഭാഗവും മുറിക്കുക
3. പൂവിന്റെ ആകൃതിയിലുള്ള നൂൽ ചാക്കിലോ മാറ്റിലോ ചേർത്ത് തുന്നി പിടിപ്പിക്കുക
4. ചവിട്ടിയുടെ വലിപ്പവും ആകൃതിയുമനുസരിച്ച് ചാക്കു മുറിച്ച് പൂവിന്റെ ആകൃതിയിലുള്ള നൂൽ തുന്നിച്ചേർക്കണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |