കൊച്ചി: നയതന്ത്രചാനലിലൂടെയുള്ള സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം മുറുകിയതിനു പിന്നാലെ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളും തലപൊക്കി. മുഖ്യപ്രതികളായ സ്വപ്‌ന സുരേഷിനും കെ.ടി. റെമീസിനും ഒരേസമയം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ നൽകിയതിനുപിന്നിൽ ദുരൂഹതയുള്ളതായാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. സംഭവത്തെക്കുറിച്ച് എൻ.ഐ.എ അന്വേഷണം തുടങ്ങി.
സ്വപ്‌ന നഴ്സുമാരുടെ മൊബൈൽഫോണിൽ നിന്ന് ആരെയോവിളിച്ചു. കൂടെ പൊലീസുകാരും ജയിൽ വാർഡർമാരും ഉണ്ടായിട്ടും തടഞ്ഞില്ല. ആ സമയം ആശുപത്രി വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ നഴ്സുമാരുടെയും ജീവനക്കാരുടെയും വിവരങ്ങൾ എൻ.ഐ.എ ശേഖരിച്ചു. അവരുടെ മൊബൈൽഫോൺ കാൾ ഡീറ്റെയിൽസുമെടുത്തു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ബോധപൂർവമായ വീഴ്ച സംഭവിച്ചതായി എൻ.ഐ.എ ജയിൽവകുപ്പിനെ അറിയിച്ചിട്ടുണ്ട്. ജയിൽവകുപ്പും ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ തേടി. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് എൻ.ഐ.എ സംശയിക്കുന്നത്. സ്വപ്നയ്ക്ക് ചർച്ചയ്ക്ക് അവസരമൊരുക്കിയത് മന്ത്രി എ.സി.മൊയ്തീൻ നേരിട്ടെത്തിയാണെന്ന അനിൽ അക്കര എം.എൽ.എയുടെ ആരോപണവും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ആശുപത്രിവാസത്തെക്കുറിച്ച് ആരോപണം ഉന്നയിച്ചിരുന്നു.
നാടകീയ സംഭവങ്ങൾ
നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞതോടെ കഴിഞ്ഞയാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്വപ്‌നയെ ആറുദിവസത്തെ ചികിത്സയ്ക്കുശേഷം ശനിയാഴ്ചയാണ് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയത്. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഡിസ്ചാർജ്. ഞായറാഴ്ച വീണ്ടും നെഞ്ചുവേദനയെടുക്കുന്നുവെന്ന് അറിയിച്ചതോടെ മെഡിക്കൽ കോളേജിലെത്തിച്ചു. വയറുവേദനയുണ്ടെന്ന് പറഞ്ഞ് അരമണിക്കൂറിനുള്ളിൽ കെ.ടി. റെമീസിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസിലെ സുപ്രധാന പ്രതികളാണ് ഇരുവരും. ഇവർ പരസ്പരം സംസാരിച്ചോ എന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് എൻ.ഐ.എയുടെയും കസ്റ്റംസിന്റെയും നിലപാട്.
കൂടുതൽ തെളിവുകൾ
സ്വപ്‌നയുടെ മൊബൈൽഫോണുകൾ, ലാപ്‌ടോപ്പ് എന്നിവയിൽനിന്ന് കൂടുതൽ തെളിവുകൾ ലഭിച്ചതായി എൻ.ഐ.എ വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ സ്വപ്ന, സന്ദീപ് നായർ, മുഹമ്മദ് ഷാഫി, മുഹമ്മദ് അലി ഇബ്രാഹിം, മുഹമ്മദ് നാസർ എന്നിരെ അഞ്ചു ദിവസത്തേക്ക് കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് എൻ.ഐ.എ പ്രത്യേക കോടതിയിൽ അപേക്ഷ നൽകി. ഇന്ന് പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. സ്വപ്ന ആശുപത്രിയിലായതിനാൽ കൊണ്ടുവരാൻ സാദ്ധ്യതയില്ല. സ്വപ്‌ന പിടിയിലാകുമ്പോൾ കൈവശമുണ്ടായിരുന്നതാണ് ലാപ്‌ടോപ്പും മൊബൈൽ ഫോണുകളും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |