ചെന്നൈ: നീറ്റ് പരീക്ഷയുടെ പേരിൽ രാജ്യത്തെ കോടതികളെ വിമർശിച്ചതിന് നടൻ സൂര്യയ്‌ക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി ജഡ്ജി എസ്.എം സുബ്രഹ്മണ്യം, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.പി സാഹിക്ക് കത്തെഴുതി. നടന്റെ നീറ്റ് പരീക്ഷ സംബന്ധിച്ച പ്രസ്താവന ടി.വിയിലും യൂട്യൂബിലും കണ്ടതിന്റെ അടിസ്ഥാനത്തിലാണ് കത്തെന്നും സൂര്യയ്‌ക്കെതിരെ രാജ്യത്തെ ജഡ്ജിമാരെയും, നിതീന്യായ സംവിധാനത്തെയും വിമർശിച്ചതിന് വാറണ്ട് ഇറക്കണമെന്നുമാണ് ജസ്റ്റിസ് സുബ്രഹ്മണ്യം ആവശ്യപ്പെട്ടത്. തമിഴ്നാട്ടിൽ നീറ്റ് പരീക്ഷ എഴുതാനിരുന്ന മൂന്ന് വിദ്യാർത്ഥികൾ അടക്കം കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ അഞ്ച് കുട്ടികൾ പരീക്ഷാ പേടികാരണം ആത്മഹത്യ ചെയ്തിരുന്നു. ഇതിൽ സൂര്യ പ്രതികരിച്ചിരുന്നു. രോഗബാധയുടെ ഭീതിയിൽ വിദ്യാർത്ഥികളെ 'മനുനീതി' പരീക്ഷ എഴുതാൻ നിർബന്ധിക്കുന്നത് അനീതിയാണെന്ന് സൂര്യ പ്രസ്താവനയിൽ പറഞ്ഞു. പകർച്ച വ്യാധി ഭീതിയിൽ കേസുകൾ വീഡിയോ കോൺഫറൻസ് വഴി കേൾക്കുന്ന കോടതികൾ, കുട്ടികളോട് നേരിട്ട് പരീക്ഷ എഴുതാൻ പറയുന്നതെങ്ങനെയെന്ന് സൂര്യ പറഞ്ഞിരുന്നു. ഇതാണ് ഇപ്പോൾ കോടതിക്കെതിരായ പരാമർശമായിചൂണ്ടിക്കാട്ടുന്നത്. ഇതിനെതിരെയാണ് ജസ്റ്റിസ് എസ്.എം സുബ്രഹ്മണ്യം ചീഫ് ജസ്റ്റിസിനോട് പരാതിപ്പെട്ടത്. തന്റെ അഭിപ്രായത്തിൽ ഇത്തരം പ്രസ്താവനകൾ രാജ്യത്തെ ബഹുമാന്യരായ ജഡ്ജിമാരുടെ ആത്മാർത്ഥതയേയും രാജ്യത്തെ നീതി സംവിധാനത്തേയും ചോദ്യം ചെയ്യുന്നതാണ്. വളരെ മോശം രീതിയിലുള്ള വിമർശനമാണിതെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം കത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |