ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ എല്ലാവരിലും എത്താൻ അഞ്ചുവർഷം എടുക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്.
2024 അവസാനം പോലും ലോകത്ത് എല്ലാവരിലും വാക്‌സിൻ എത്തിക്കാൻ സാധിക്കില്ലെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ മേധാവി അദർ പൂനവാല ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കുറഞ്ഞ സമയം കൊണ്ട് ലോക ജനതയ്ക്ക് ഒന്നടങ്കം കുത്തിവെയ്പ് നടത്താൻ മരുന്നു കമ്പനികൾക്ക് വലിയ തോതിലുളള ഉത്പ്പാദന ശേഷിയില്ല. എല്ലാവരിലും വാക്‌സിൻ എത്താൻ അഞ്ചുവർഷത്തോളം സമയമെടുക്കാം. ഒരാൾക്ക് രണ്ട് ഡോസ് വാക്‌സിനാണ് വേണ്ടിവരുന്നതെങ്കിൽ ലോകത്തിന് മുഴുവനായി 1500 കോടി ഡോസുകൾ ഉത്പാദിപ്പിക്കേണ്ടി വരും. വാക്‌സിന്റെ കാര്യത്തിൽ ശുഭാപ്തി വിശ്വാസം വച്ചുപുലർത്താനാണ് ലോകം ആഗ്രഹിക്കുന്നത്. എന്നാൽ വാക്‌സിൻ വളരെവേഗം ലഭ്യമാക്കാൻ കഴിയുന്ന അവസ്ഥയിലേക്ക് നിലവിൽ ആരെങ്കിലും എത്തിയതായി അറിവില്ല.
അസ്ട്രസെനെക, നോവ വാക്‌സ് എന്നിവയടക്കം വാക്‌സിൻ വികസിപ്പിക്കുന്ന അഞ്ച് രാജ്യാന്തര കമ്പനികളുമായി സെറം ഇൻസ്റ്റിറ്റ്യൂട്ട് സഹകരിക്കുന്നുണ്ട്. 100 കോടി ഡോസ് വാക്‌സിൻ ഉത്പാദിപ്പിക്കാനാണ് ലഭ്യമിടുന്നത്. ഇതിന്റെ 50 ശതമാനം ഇന്ത്യയ്ക്ക് വേണ്ടി ആയിരിക്കും. റഷ്യയുടെ സ്പുട്‌നിക്ക് വാക്‌സിൻ ഇന്ത്യയിൽ ലഭ്യമാക്കാൻ ഗാമലേയ റിസർച്ചുമായി കൈകോർക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. വികസ്വര രാജ്യങ്ങളിൽ ഭൂരിഭാഗത്തിനും വാക്‌സിൻ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആസ്ട്രസെനാക്കയുമായുളള കരാർ പ്രകാരം കുറഞ്ഞത് മൂന്ന് ഡോളറിൽ വാക്‌സിൻ ലഭ്യമാക്കാനാണ് കമ്പനി ആഗ്രഹിക്കുന്നത്. 68 രാജ്യങ്ങൾക്ക് ഈ നിരക്കിൽ മരുന്ന് ലഭ്യമാക്കുമെന്നാണ് കമ്പനി പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |