കൊല്ലം: ചവറ തെക്കുംഭാഗത്ത് സുഹൃത്തുക്കളുടെ മദ്യപാനത്തിനിടെയുണ്ടായ തർക്കം അവസാനിച്ചത് അരും കൊലയിൽ. ചവറ തെക്കുംഭാഗം വടക്കും മുറിയിൽ ജ്യോതിസ് വീട്ടിൽ സനൽകുമാറാണ് (47) അടിയേറ്റ് മരിച്ചത്. കേസിൽ കൊല്ലം കല്ലുംതാഴം കുറ്റിയിൽ കിഴക്കതിൽ ജ്യോതികുമാറിനെ (47) തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്‌തു.
പൊലീസ് പറയുന്നത്: തെക്കുംഭാഗത്തെ വീട്ടിൽ സനൽകുമാർ തനിച്ചാണ് താമസിക്കുന്നത്. ഞയറാഴ്ച രാത്രിയിൽ സനലും ജ്യോതികുമാറും ഉൾപ്പെടുന്ന ആറംഗ സുഹൃത്ത് സംഘം സനലിന്റെ വീട്ടിലിരുന്ന് മദ്യപിച്ചു. ഇതിനിടെ സനലും ജ്യോതിയും തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലേക്ക് നീണ്ടു. വീട്ടിലുണ്ടായിരുന്ന ബുള്ളറ്റിന്റെ ക്രാഷ് ഗാർഡിന്റെ ഒരു ഭാഗം കൊണ്ട് സനൽകുമാർ ജ്യോതിയെ അടിച്ചു. ഇതിന് പ്രതികാരമായി ജ്യോതി, സനലിനെ അതേ ക്രാഷ് ഗാർഡിന്റെ ഇരുമ്പ് കമ്പി കൊണ്ട് അടിച്ചു. ഇതിന് ശേഷം എല്ലാവരും പിരിഞ്ഞുപോയി.
പിന്നീട് ചവറയിലെത്തിയ ജ്യോതികുമാർ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തു. ഇന്നലെ രാവിലെയാണ് സനൽകുമാർ മരിച്ച വിവരം പരിസര വാസികൾ അറിഞ്ഞത്. സനലിന്റെ ശരീരത്തിൽ നിരവധി അടിയേറ്റ പാടുകളുണ്ട്. സനലിന്റെ മൃതദേഹം രാവിലെ പൊലീസെത്തിയാണ് കൊല്ലം ജില്ലാ ആശുപത്രിയിലേക്കും അവിടെ നിന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കും മാറ്റിയത്. കൊവിഡ് ഫലം അറിഞ്ഞ ശേഷം പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം വിട്ടു കൊടുക്കും.
തേവലക്കര ചേനങ്കര മുക്കിൽ ടി.വി റിപ്പയറിംഗ് കട നടത്തുകയായിരുന്നു ജ്യോതി. പാവുമ്പയിൽ ട്രേഡിംഗ് കട നടത്തുക ആയിരുന്നു സനൽ. ഇയാൾ ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |