ഇന്ത്യയിൽ ഇനി നിക്ഷേപിക്കില്ല; അമിത നികുതി തിരിച്ചടി
ന്യൂഡൽഹി: അമിതനികുതി താങ്ങാനാവാത്തതിനാൽ ഇന്ത്യയിൽ ഇനി നിക്ഷേപപദ്ധതികളോ പ്രവർത്തന വിപുലീകരണമോ നടത്തില്ലെന്ന് പ്രമുഖ ജാപ്പനീസ് വാഹന നിർമ്മാണ കമ്പനിയായ ടൊയോട്ട. എന്നാൽ, ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കില്ലെന്ന് ഇന്ത്യാ ഘടകമായ ടൊയോട്ട കിർലോസ്‌കറിന്റെ വൈസ് ചെയർമാൻ ശേഖർ വിശ്വനാഥൻ പറഞ്ഞു.
''ഞങ്ങൾ വലിയ നിക്ഷേപം ഇന്ത്യയിൽ നടത്തിയിട്ടുണ്ട്. എന്നാൽ, ഞങ്ങളെ ഇവിടെ ആവശ്യമില്ല എന്ന സന്ദേശമാണ് കിട്ടുന്നത്; വാഹനമേഖലയ്ക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങൾ സർക്കാരിൽ നിന്നുണ്ടാവുന്നില്ല. എങ്കിലും ഞങ്ങൾ ഇന്ത്യയിൽ തുടരും, പക്ഷേ കൂടുതൽ വിപുലീകരണത്തിനില്ല", അദ്ദേഹം പറഞ്ഞു.
ഉയർന്ന നികുതിഭാരം മൂലം സ്വന്തമായൊരു വാഹനമെന്നത് പലർക്കും സ്വപ്‌നം മാത്രമാണ്. ഫാക്‌ടറികൾ പലതും അടഞ്ഞു. തൊഴിലവസരങ്ങളും കുറയുകയാണെന്ന് അദ്ദേഹം പറഞ്ഞു.
2.6%
ലോകത്തെ ഏറ്റവും വലിയ വാഹന കമ്പനികളിലൊന്നായ ടൊയോട്ട 1997ലാണ് ഇന്ത്യയിൽ എത്തിയത്. 2.6 ശതമാനമാണ് വിപണി വിഹിതം. ഇന്ത്യൻ യൂണിറ്റിന്റെ 89 ശതമാനം ഓഹരി വിഹിതവും മാതൃകമ്പനിയായ ടൊയോട്ട മോട്ടോർ കോർപ്പറേഷന്റെ കൈവശമാണ്.
50%
മോട്ടോർ വാഹനങ്ങൾക്ക് ജി.എസ്.ടി 28 ശതമാനമാണ്. വാഹനത്തിന്റെ വലുപ്പവും എൻജിൻ ശേഷിയും അനുസരിച്ച് ഒന്നു മുതൽ 22 ശതമാനം വരെ സെസുമുണ്ട്. 1,500 സി.സിയുടെ ഒരു എസ്.യു.വിക്ക് നീളം നാലുമീറ്ററിൽ അധികമെങ്കിൽ നികുതിഭാരം 50 ശതമാനമാണ്. ഇന്ത്യയിലെ പ്രവർത്തനം കഠിനമായതിനാൽ ജനറൽ മോട്ടോഴ്‌സ് നേരത്തേ ഇന്ത്യ വിട്ടിരുന്നു. ഇന്ത്യയിലെ പ്രവർത്തനം കുറയ്ക്കാൻ ഫോഡും തീരുമാനിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |