പാലക്കാട്: മയക്കുമരുന്നും വ്യാജ മദ്യവും കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പരിശോധന നടത്തിയ എക്സെെസ് സംഘത്തിന് കിട്ടിയത് രണ്ടുകോടിയോളം വരുന്ന ഹവാലാ പണം. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഹവാലാ പണം പിടികൂടിയത്. ചരക്കു ലോറിയിൽ രഹസ്യമായി നിർമിച്ച അറയിൽ നിന്നാണ് കളളപ്പണം കണ്ടെത്തുന്നത്.
തമിഴ്നാട്ടിൽ നിന്നും അരിയുമായി എത്തിയ ലോറിയിലാണ് ഹവാലാ സംഘം പണം കടത്തിയത്. ലോറിയിലുണ്ടായിരുന്ന 25 ടൺ വരുന്ന അരിച്ചാക്കുകൾ എക്‌സൈസ് ഉദ്യോഗസ്ഥർ ചുമന്നു താഴെയിറക്കിയതോടെയാണ് ലോറിയ്ക്കടിയിൽ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറ എക്സെെസ് സംഘത്തിന്റെ കണ്ണിൽപ്പെടുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് കോടിയോളം വരുന്ന ഹവാലാ പണം കണ്ടെത്തുന്നത്.
സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടി.അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. സംഭവത്തിൽ ലോറി ഡ്രൈവർ വൈശാഖിനെ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത പണം പാലക്കാട് പൊലീസിന് എക്‌സൈസ് അധികൃതർ കൈമാറിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |